ജിദ്ദ: കേരളത്തിലെ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ട ഒരു വിഷയത്തിൽ അഭിപ്രായം പറയുന്നതിന്നായി ഒരു ചാനലിലേക്ക് ക്ഷണിക്കപ്പെടുകയും ചർച്ചയ്ക്കിടയിൽ അവതാരകയിൽ നിന്നുണ്ടായ തികച്ചും നിരുത്തരവാദപരമായ വിദ്വേഷ പരാമർശങ്ങളെ ആശയപരമായി ഖണ്ഡിക്കുകയും ചെയ്ത വിസ്ഡം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്ല ബാസിലിനെതിരെ ചാനൽ തന്നെ പരാതി നൽകുകയും അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധവും തികഞ്ഞ അനീതിയുമാണെന്ന് ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറിയേറ്റ് പ്രസ്ഥാവിച്ചു.
ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ പ്രവർത്തനവും മാധ്യമ സ്വാതന്ത്രവും എന്നത് ആർക്കെതിരെയും എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ല. അനീതിക്കെതിരെ ശബ്ദിക്കുന്നവർക്ക് നേരെ വിരൽ ചൂണ്ടുന്നത് ആരുടെ കയ്യടികൾക്ക് വേണ്ടിയാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും നടപടി പിൻവലിച്ച് ചാനൽ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും അത് പ്രാക്ടീസ് ചെയ്യുവാനും പ്രചരിപ്പിക്കുവാനും സ്വാന്തന്ത്രമുളള നാട്ടിൽ നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങളുടെ ഇഷ്ടങ്ങൾക്കനുസരിച്ചായിരിക്കണമെന്ന ഫാഷിസ്റ്റ് ധാർഷ്ട്യങ്ങൾക്ക് കുഴലൂതുന്ന പരാമർശങ്ങളും സമീപനങ്ങളും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്നും ഉണ്ടായിക്കൂടാത്തതാണ്.
അനീതികൾ അരങ്ങുവാഴുന്ന കെട്ടകാലത്ത് നീതിയുടെ പക്ഷം ചേരേണ്ടവർ തന്നെ ടി.ആർ.പി യും കച്ചവടതാൽപര്യങ്ങളും ലക്ഷ്യമിട്ട് അന്യായങ്ങൾ ആവർത്തിച്ചാവർത്തിച്ച് കൊട്ടിഘോഷിക്കുമ്പോൾ, ജനാധിപത്യബോധമുള്ള മുഴുവൻ മനുഷ്യരും അതിനെതിരെ പ്രതികരിക്കണമെന്നും, ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റി (വിസ്ഡം, ജിദ്ദ) ഡോ. അബ്ദുല്ല ബാസിലിന് നേർക്കുണ്ടായ നടപടിക്കെതിരിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പ്രസ്ഥാവനയിൽ പറഞ്ഞു.







