ജിദ്ദ: പലിശസമ്പ്രദായം പൂർണ്ണമായും ഇല്ലാതാകുമ്പോൾ മാത്രമേ ലോകത്ത് നന്മയും വളർച്ചയും ഉണ്ടാകൂ എന്ന് ദുബായ് അൽമനാർ ഇസ്ലാമിക് സെന്റർ ഡയറക്ടറും ദേര റാഷിദ് ഇബ്നു ദൽമുഖ് പള്ളി ഖത്തീബുമായ മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. ‘ജീവനെടുക്കുന്ന പലിശക്കെണികൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പലിശയുടെ പേരിൽ ജീവനൊടുക്കുന്നവരുടെ എണ്ണം ഭയാനകമായി വർദ്ധിക്കുകയാണ്. ഏതെങ്കിലും ദുർബല നിമിഷത്തിൽ ബാങ്ക് വായ്പയോ മറ്റ് കടങ്ങളോ എടുത്തവർ പിന്നീട് വൻ പ്രതിസന്ധിയിലാകുന്നതാണ് കാഴ്ച. കച്ചവടവും പലിശയും ഒന്നാണെന്ന വാദത്തെ ഖണ്ഡിച്ച ഇസ്ലാം, കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും പലിശയെ പൂർണ്ണമായും നിരോധിക്കുകയുമാണ് ചെയ്തതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കച്ചവടത്തിൽ ലാഭനഷ്ട സാധ്യതകൾ ഒപ്പമുള്ളപ്പോൾ, പലിശ ഇടപാടുകളിൽ സാമ്പത്തിക നഷ്ടത്തിന്റെ റിസ്ക് പൂർണ്ണമായും കടമെടുക്കുന്നയാളുടെ തലയിലാണ് വീഴുന്നത്. പലിശ വ്യവസ്ഥ കാരണം വൻകിട ശക്തികളും ഏതാനും വ്യക്തികളും മാത്രം കൂടുതൽ സമ്പന്നരാകുകയും സമൂഹം സാമ്പത്തികമായി തകരുകയും ചെയ്യുന്നു. എന്നാൽ, വ്യവസായ-വാണിജ്യ രംഗങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സമൂഹത്തിന് പൊതുവായി അതിന്റെ ഗുണം ലഭിക്കുകയും ചെയ്യുന്നു.
പലിശരഹിതമായി കടം നൽകുന്നതിനെ ഇസ്ലാം ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കടം വാങ്ങിയയാൾക്ക് തിരിച്ചടവിന് സമയം നീട്ടിനൽകുന്നത് ദാനധർമ്മത്തേക്കാൾ പുണ്യകരമാണ്. മറ്റുള്ളവരുടെ പ്രയാസങ്ങൾ മുതലെടുക്കാതെ, അവരെ സഹായിക്കുക എന്ന മാനവിക കാഴ്ചപ്പാടാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ഖുർആനിൽ ഏറ്റവും ഗൗരവമായി മുന്നറിയിപ്പ് നൽകിയ തിന്മകളിലൊന്നാണ് പലിശ. അമുസ്ലിങ്ങളായ സാമ്പത്തിക വിദഗ്ദ്ധർ പോലും പലിശ സമ്പ്രദായത്തിന്റെ അപകടങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ, ചില മുസ്ലിം പണ്ഡിതന്മാർ ഖുർആൻ സൂക്തങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് പലിശയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഫൽ കരുവാരക്കുണ്ട് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.







