റിയാദ്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്കിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. ക്ലിനിക്കിലെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മൂവർണ കേക്ക് മുറിക്കുകയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ വീരസ്മരണകൾ പങ്കുവെക്കുകയും ചെയ്തു.
ദേശീയഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്വാതന്ത്ര്യദിന സ്മരണകൾ ഉണർത്തുന്ന അന്തരീക്ഷത്തിൽ എല്ലാവരും മധുരം പങ്കുവെച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഡോക്ടർമാരായ സെബാസ്റ്റ്യൻ, ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ബഷീർ ഫൈസി എന്നിവർ സംസാരിച്ചു. തോമസ്, തമ്പാൻ, അനിൽകുമാർ, ജോയ്, ഷാജി, ദാസ്, മണി, നബീൽ, അഹമ്മദ് നസീർ, ഷേർ ഹൈദർ, മുനീറ, ലുബൈന, മിനി, റഹ്മ, ബഷീർ, ബീർ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.


സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടുകളിലേക്ക് കടക്കുമ്പോൾ രാജ്യം നേരിട്ട പ്രതിസന്ധികളെയും കൈവരിച്ച വലിയ പുരോഗതികളെയും പ്രഭാഷകർ അനുസ്മരിച്ചു. ഇന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ സ്ഥാനം ഏറെ അഭിമാനകരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ച ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും, അന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അവരെ ‘വിവേകിയായ ഉപദേഷ്ടാവ്’ എന്ന് വിശേഷിപ്പിച്ചതും വക്താക്കൾ ഓർത്തെടുത്തു.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, മൗലാനാ ഷൗക്കത്തലി തുടങ്ങിയ മഹാനായ നേതാക്കൾ സ്വപ്നം കണ്ട ഇന്ത്യയെക്കുറിച്ച് ചിന്തിക്കാനും ആ മൂല്യങ്ങൾ മുൻനിർത്തി മുന്നോട്ട് പോകാനും ആഘോഷങ്ങൾ പ്രചോദനമാണെന്ന് യോഗം വിലയിരുത്തി.







