മസ്‌കത്ത്- ഹോർമുസ് കടലിടുക്കിൽ വെച്ച് കുവൈത്ത് പതാക വഹിച്ച എണ്ണ ടാങ്കറിനു നേരെ ആക്രമണം. ഒമാൻ അധികൃതരുടെ സഹായത്തോടെ കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി കരയിലെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രൊജക്റ്റൈൽ കപ്പലിൽ ഇടിക്കുകയായിരുന്നു. എം.ടി കാസിമ-3 എന്ന കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാനായി ഒമാനിലെ അധികൃതരുമായി ചേർന്ന് എംബസി ഏകോപന പ്രവർത്തനങ്ങൾ നടത്തിയതായി എംബസി സ്ഥിരീകരിച്ചു. അഞ്ച് ഇന്ത്യൻ പൗരന്മാരെയും സുരക്ഷിതമായി കരയിലെത്തിച്ചതായി എംബസി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
പ്രൊജക്റ്റൈൽ എവിടെ നിന്നാണ് വന്നതെന്നോ ടാങ്കറിന് എത്രത്തോളം കേടുപാടുകൾ സംഭവിച്ചുവെന്നോ ഉള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ സുരക്ഷാ ഭീഷണികൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ വാണിജ്യ കപ്പലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ നാവികരുടെ സുരക്ഷ ഇന്ത്യൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വാണിജ്യ കപ്പലുകളിൽ 4,500 ലധികം ഇന്ത്യൻ നാവികർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലേക്ക് ചരക്കുമായി വരുന്ന, ഇന്ത്യൻ പതാക വഹിച്ച ആറ് കപ്പലുകളിലും വിദേശ പതാക വഹിച്ച ആറ് കപ്പലുകളിലുമായി 163 ഇന്ത്യൻ ജീവനക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനുമായി ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം നയതന്ത്ര കാര്യാലയങ്ങളുമായും പ്രാദേശിക അധികൃതരുമായും ഏകോപനം നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







