ജിദ്ദ: പ്രവാചകനോടുള്ള സ്‌നേഹം വർഷത്തിലൊരിക്കൽ മാത്രം നിർവ്വഹിക്കേണ്ട ആചാരമല്ലെന്നും വിശ്വാസിയുടെ ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ടതാണെന്നും ഇസ്ലാഹി പ്രഭാഷകനും കണ്ണൂർ ദാറുൽ ബയ്യിനാ കോളേജ് പ്രിൻസിപ്പലുമായ ഫർഹാൻ സ്വലാഹി അഭിപ്രായപ്പെട്ടു. ‘പ്രവാചകസ്‌നേഹം: ആഘോഷമല്ല, അനുധാവനമാണ്’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം അനുയായികൾ പ്രവാചകനെ സ്‌നേഹിച്ചതുപോലെ ലോകത്ത് മറ്റൊരു നേതാവും സ്‌നേഹിക്കപ്പെട്ടിട്ടില്ലെന്ന് അക്കാലത്തെ ശത്രുക്കൾ പോലും സമ്മതിച്ചിട്ടുള്ളതാണ്. പ്രവാചകനെ ജീവനുതുല്യം സ്‌നേഹിച്ച അദ്ദേഹത്തിന്റെ അനുചരന്മാരാരും തന്നെ പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുകയോ, അന്ന് പ്രത്യേക ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാചകന്റെ കാലശേഷം മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഇങ്ങനെയൊരു ആചാരം ഉയർന്നുവന്നത്. പ്രവാചകന്റെ അനുയായികൾക്കോ, കർമ്മശാസ്ത്ര ഇമാമുമാർക്കോ, ഹദീസ് പണ്ഡിതന്മാർക്കോ പരിചയമില്ലാത്ത ഈ ആചാരം പ്രവാചകൻ ജനിച്ചു ജീവിച്ച സൗദി അറേബ്യയിൽ പോലുമില്ലെന്ന് നാം ഓർക്കണം. അതിനാൽ കേവലം ഒരു ദിവസത്തിലോ മാസത്തിലോ ഒതുക്കാതെ, പ്രവാചകന്റെയും അനുചരന്മാരുടെയും മാതൃക ജീവിതത്തിലുടനീളം പകർത്തി മുന്നോട്ടുപോകാൻ വിശ്വാസികൾ തയ്യാറാകണമെന്ന് അദ്ദേഹം ഉണർത്തി.
ജിദ്ദ സനയ്യ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ബിൻ ഖലീൽ അൽ റായി സംഗമം ഉദ്ഘാടനം ചെയ്തു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്സുദ്ദീൻ സ്വലാഹി സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.







