ജിദ്ദ: പ്രവാസലോകത്തുനിന്ന് ഒരു എഴുത്തുകാരി കൂടി. മലപ്പുറം കോട്ടക്കൽ പറപ്പൂർ സ്വദേശിയും ജിദ്ദയിലെ പ്രവാസിയുമായ ഹസീന റഷീദ് (ഇമ്മു ഹസീനു) രചിച്ച ആദ്യ പുസ്തകം ‘പൂമ്പാറ്റച്ചിറകുള്ള പാവാടക്കാരി’ പ്രൗഢമായ സഹൃദയ സദസ്സിൽ പ്രകാശനം ചെയ്തു. ഷറഫിയ ക്വാളിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. ഇന്ദു ചന്ദ്രശേഖർ, കബീർ കൊണ്ടോട്ടിക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ബാല്യകൗമാരങ്ങളുടെ കുതൂഹലങ്ങളും വിസ്മയങ്ങളും രേഖപ്പെടുത്തിയ ഈ ഓർമ്മപ്പുസ്തകം, ഗൃഹാതുരമായ നിരവധി അനുഭവങ്ങളുടെ മഞ്ചാടിമണികൾ കോർത്തുവെച്ച പ്രതീതിയാണ് നൽകുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തിയ പ്യാരി മിർസ അഭിപ്രായപ്പെട്ടു. സ്കൂൾ കാലഘട്ടത്തിലെ കയ്പ്പും മധുരവും കുസൃതി നിറഞ്ഞ കുട്ടിക്കാലവും ഓർമ്മയിലേക്ക് കൊണ്ടുവന്ന വായനാനുഭവമാണ് പുസ്തകം സമ്മാനിച്ചതെന്ന് ഡോ. ഇന്ദു ചന്ദ്രശേഖർ പറഞ്ഞു. പുതിയ തലമുറയ്ക്ക് അപരിചിതമായ കാലത്തിന്റെ നിരവധി അടയാളങ്ങളും പ്രതീകങ്ങളും ഇമ്മു ഹസീനു തന്റെ പുസ്തകത്തിൽ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ടെന്ന് കബീർ കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
മിർസാ ഷെരീഫ്, സോഫിയ സുനിൽ എന്നിവരുടെ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. മുസാഫിർ അധ്യക്ഷത വഹിച്ചു. സലീന മുസാഫിർ സ്വാഗതവും ഷാജി തുമ്പത്ത് നന്ദിയും പറഞ്ഞു. നിസാർ മടവൂർ അവതാരകനായിരുന്നു.
റജിയ വീരാൻ, ജ്യോതി ബാബുകുമാർ, അബ്ദുല്ല മുക്കണ്ണി, ഷമീല മൂസ, ജാഫർ പാലക്കോട്, മുംതാസ് പാലോളി, നജീബ് വെഞ്ഞാറമൂട്, അലി അരീക്കത്ത്, അയൂബ് മുസ്ലിയാരകത്ത്, അഡ്വ. ഷംസുദീൻ, ഷാജു അത്താണിക്കൽ, അസൈൻ ഇല്ലിക്കൽ, ഹംസ മദാരി, മീലാസ് മുള്ളമ്പാറ തുടങ്ങിയവർ ആശംസകൾ നേർന്നു. ഒരു പുസ്തകം പുറത്തിറക്കുക എന്ന അഭിലാഷം സാക്ഷാത്കരിച്ചതിന്റെ ചാരിതാർത്ഥ്യം മറുപടി പ്രസംഗത്തിൽ ഇമ്മു ഹസീനു പങ്കുവെച്ചു. എഴുത്തനുഭവങ്ങൾ വിവരിച്ച അവർ, പ്രോത്സാഹനം നൽകിയ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി അറിയിച്ചു.



