റിയാദ്- കോഴിക്കോട് ജില്ല കെ എം സി സി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്പോർട്സിംഗ് സംഘടിപ്പിക്കുന്ന മണ്ഡലം തല ഫുട്ബോൾ മേള നാളെ വൈകിട്ട് 5 മണിക്ക് വാദി ലബനിലുള്ള അൽ വാദി സോക്കർ ഗ്രൗണ്ടിൽ അരങ്ങേറും. ജില്ലയിലെ പ്രമുഖ എട്ട് മണ്ഡലം ടീമുകളാണ് മത്സരത്തിനായി കളത്തിൽ ഇറങ്ങുന്നത്.
കഴിഞ്ഞ ഒന്നാം സീസണിൽ അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരത്തിലെ അണമുറിയാത്ത ആവേശം ഒട്ടും ചോരാതെ തന്നെ അതിലേറെ മികച്ച ഒരുക്കങ്ങളുമായാണ്
ജില്ലാ സ്പോർട്സ് വിംഗ് മത്സരങ്ങൾക്കായി ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നും മികച്ച കളിക്കാരെയാണ് മണ്ഡലം ടീമുകൾ മത്സരങ്ങൾക്കായി കളത്തിൽ ഇറക്കുന്നത്. സെവൻസ് ഫോർമാറ്റിൽ ഒരുക്കിയിട്ടുള്ള മത്സരങ്ങൾ മുഖ്യ പ്രായോജകരായി ഐ ബി ടെക്കും സഹ പ്രായോജകരായി അൽ മദീന ഹൈപ്പർ മാർക്കറ്റുമാണ്.
5 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തിൽ തിരുവമ്പാടി മണ്ഡലം ബേപ്പൂർ മണ്ഡലത്തെ നേരിടും. കൊടുവള്ളി, ബാലുശ്ശേരി, കോഴിക്കോട് സിറ്റി, വടകര, കുന്ദമംഗലം, കൊയിലാണ്ടി തുടങ്ങിയ ടീമുകൾ മാറ്റുരക്കുന്ന ഓരോ മത്സരങ്ങളും കാണികൾക്ക് മികച്ച ഫുട്ബോൾ വിരുന്ന് സമ്മാനിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം ഒരുക്കങ്ങളാണ് ഓരോ മണ്ഡലങ്ങളും നടത്തിയിട്ടുള്ളത്.
ഓരോ മത്സരങ്ങളിലും ഹസ്തദാനം ചെയ്യുന്നതിനായി മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം കെ എം സി സി നാഷണൽ, സെൻട്രൽ, ജില്ല, മണ്ഡലം, നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും, ഫുട്ബോൾ സംഘാടകരും ഗ്രൗണ്ടിലെത്തും.
മാൻ ഓഫ് ദി മാച്ച്, ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരൻ, ബെസ്റ്റ് ഡിഫെൻഡർ, ടോപ് സ്കോറർ, ബെസ്റ്റ് ഗോൾ കീപ്പർ എന്നിവർക്കുള്ള ട്രോഫികൾ ടൂർണമെന്റിൽ നൽകും.



