തിരുവനന്തപുരം- സംസ്ഥാനത്തെ 2027-ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 മാർച്ച് ഒന്നിനാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുന്നത്. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. ഏപ്രിൽ 5 മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. 4,25,000 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വർഷ പരീക്ഷകൾ മാർച്ച് 2 മുതൽ 30 വരെ നടക്കും. മെയ് 15-ന് ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും. മാർച്ച് 12, 30 തീയതികളിൽ ഉച്ചയ്ക്ക് 2 മണിക്കും, മറ്റ് ദിവസങ്ങളിൽ രാവിലെ 9:30-നും പരീക്ഷ ആരംഭിക്കുന്ന രീതിയിലാണ് ടൈംടേബിൾ സജ്ജീകരിച്ചിരിക്കുന്നത്.
ക്രിസ്മസ് പരീക്ഷയും അവധിയും
ഈ അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ.പി ക്ലാസുകൾക്ക് ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ. ഡിസംബർ 18-ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ശേഷം അവധിക്കായി അടയ്ക്കും. പത്ത് ദിവസത്തെ അവധിക്ക് ശേഷം ഡിസംബർ 28-ന് സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും.



