റിയാദ്/ മോസ്കോ- ആഗോള ഊർജ്ജ വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിൽ സൗദി- റഷ്യ സഹകരണം നിർണായകമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്കോയിൽ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.
കൂടിക്കാഴ്ചയിൽ ആഗോള ഊർജ്ജ വിപണിക്ക് പുറമെ പശ്ചിമേഷ്യൻ സുരക്ഷയും പ്രധാന ചർച്ചാവിഷയമായി. ഒപെക് പ്ലസ് കൂട്ടായ്മയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് റഷ്യയും സൗദിയും തമ്മിൽ നടത്തുന്ന സഹകരണം ആഗോള ഊർജ്ജ വിപണിയെ സ്ഥിരതയോടെ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി ഇരുപക്ഷവും വിലയിരുത്തി. വിപണിയിലെ എണ്ണയുടെ വിതരണവും ആവശ്യകതയും സന്തുലിതമാക്കാനും ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനും ഈ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ലഘൂകരിക്കാൻ റഷ്യ സന്നദ്ധമാണെന്ന് സെർജി ലാവ്റോവ് വ്യക്തമാക്കി. റഷ്യയും അറബ് ലീഗും തമ്മിലുള്ള നയതന്ത്ര സഹകരണത്തിന്റെ ഭാഗമായി ഒക്ടോബറിൽ മോസ്കോയിൽ വെച്ച് നടക്കുന്ന പ്രഥമ റഷ്യ- അറബ് ലീഗ് ഉച്ചകോടിയിൽ സൗദി അറേബ്യയുടെ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്ന് റഷ്യ പ്രത്യാശ പ്രകടിപ്പിച്ചു.
