ജിദ്ദ– ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന തീർഥാടകരെ സൗദി അറേബ്യ ഹാർദ്ദമായി സ്വാഗതം ചെയ്തു. ജിദ്ദയിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീർഥാടകർക്ക് സ്വാഗതമോതിയത്. ഇരുഹറമുകളുടെയും പരിപാലനത്തിലും പുണ്യഭൂമിയിലെത്തുന്ന വിരുന്നുകാർക്ക് സേവനം നൽകുന്നതിലും രാജ്യം ഏറെ അഭിമാനിക്കുന്നുവെന്ന് കിരീടാവകാശി യോഗത്തിൽ പറഞ്ഞു. ഹജ്ജ് സീസണിനായി ആസൂത്രണം ചെയ്ത സുരക്ഷാ, പ്രതിരോധ പദ്ധതികളുടെ വിജയം ഉറപ്പാക്കാനും മക്ക, മദീന, എയർപോർട്ടുകൾ, അതിർത്തി പോസ്റ്റുകൾ എന്നിവിടങ്ങളിൽ തീർഥാടകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാനും എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്താൻ അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ഹോർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു. ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും ബദൽ കയറ്റുമതി മാർഗങ്ങൾ കണ്ടെത്താനുമായി സൗദി അറേബ്യ പതിറ്റാണ്ടുകളായി നടത്തിയ നിക്ഷേപങ്ങൾ ഇപ്പോൾ ഫലം കാണുന്നുണ്ടെന്ന് യോഗം വിലയിരുത്തി. ആഗോളതലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ വിതരണ ശൃംഖലയെ ബാധിക്കുമ്പോഴും ലോകത്തിന് ആവശ്യമായ ഊർജ്ജ പിന്തുണ നൽകാനുള്ള ശേഷി സൗദി അറേബ്യയ്ക്കുണ്ടെന്ന് മന്ത്രിസഭ വ്യക്തമാക്കി. ഡിജിറ്റൽ സന്നദ്ധതാ സൂചികയിൽ രാജ്യം ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയത് നിക്ഷേപകർക്കും നവീകരണങ്ങൾക്കും സൗദി അനുയോജ്യമായ ഇടമാണെന്നതിന്റെ തെളിവാണെന്നും മന്ത്രിസഭ നിരീക്ഷിച്ചു.
തീർഥാടകർക്കും ജീവനക്കാർക്കും ആശ്വാസം നൽകുന്ന ചില പ്രധാന തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു. ബലിമാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതിക്കായി എത്തുന്ന താൽക്കാലിക സീസൺ തൊഴിലാളികളുടെ വിസ ഫീസ് ഈ വർഷവും സർക്കാർ തന്നെ വഹിക്കാൻ തീരുമാനിച്ചു. കൂടാതെ, സൗദി സർക്കാരിന്റെ സാമ്പത്തിക വർഷം ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയാക്കി മാറ്റുന്ന ഭേദഗതിക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലും കൃത്രിമബുദ്ധിയിലും രാജ്യം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പദവി വർദ്ധിപ്പിച്ചതായും യോഗം വിലയിരുത്തി.



