ജിദ്ദ – നാലര ദശകം മുമ്പ് ലോക മുസ്ലിംകളുടെ മനസ്സുകളെ കീറിമുറിച്ച് വിശുദ്ധ ഹറമിലുണ്ടായ ഭീകരാക്രണത്തിനിടെ പുണ്യഭവനത്തെ ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള സങ്കീർണ്ണമായ ഓപ്പറേഷന് നേതൃത്വം നൽകിയ മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഓർമ്മയായി. സൗദി സായുധ സേനയുടെ ചരിത്രത്തിൽ, അസാധാരണമായ സുരക്ഷാ പ്രതിസന്ധികളെയും സങ്കീർണ്ണവും അസാധാരണവുമായ സാഹചര്യങ്ങളെയും നേരിടുന്നതിൽ മികവ് തെളിയിച്ച് ചരിത്രത്തിൽ ഇടംപിടിച്ച മുതിർന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു മേജർ ജനറൽ ഫാലിഹ് അൽദാഹിരി. ഹിജ്റ 1400 ൽ ജുഹയ്മാൻ അൽഉതൈബിയുടെ നേതൃത്വത്തിൽ കടന്നുകയറിയ ഭീകരരിൽ നിന്ന് വിശുദ്ധ ഹറം മോചിപ്പിക്കുന്ന ഓപ്പറേഷൻ സൗദി സുരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരവും സങ്കീർണ്ണവുമായ സൈനിക നടപടികളിൽ ഒന്നായിരുന്നു. ഈ ഓപ്പറേഷനിലെ ഏറ്റവും പ്രമുഖ ഫീൽഡ് കമാൻഡർമാരിൽ ഒരാളായി മേജർ ജനറൽ ഫാലിഹ് അൽദാഹിരിയുടെ പേര് വേറിട്ടുനിൽക്കുന്നു. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര സൈനിക അക്കാദമികളിൽ നിന്നുള്ള വിപുലമായ അക്കാദമിക് പരിശീലനവും ധീരമായ പോരാട്ട വീര്യവും സമ്മേളിച്ച മേജർ ജനറൽ ഫാലിഹ് അൽദാഹിരി, ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നുമായി ബന്ധപ്പെട്ട നിസ്തുല പാരമ്പര്യം അവശേഷിപ്പിച്ചാണ് ഈ ലോകത്തു നിന്ന് വിടവാങ്ങിയത്.
ഹിജ്റ 1358 (എ.ഡി. 1939) ദുൽഖഅ്ദ 16-ാം തീയതി മക്കയിലാണ് ഫാലിഹ് ബിൻ മുഹമ്മദ് ബിൻ മുനാവർ അൽദാഹിരിയുടെ ജനനം. അച്ചടക്കമുള്ള സൈനിക അന്തരീക്ഷത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് സൗദി ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് മുഹമ്മദ് ബിൻ മുനാവർ അൽദാഹിരി, അബ്ദുൽ അസീസ് രാജാവിന്റെ അവസാനകാലത്ത് സേവനം ആരംഭിക്കുകയും സൗദ് രാജാവിന്റെ ഭരണകാലത്ത് മേജർ പദവിയോടെ വിരമിക്കുകയും ചെയ്തു. പിതാവിന്റെ സ്ഥലംമാറ്റങ്ങൾ കാരണം, ഫാലിഹ് അൽദാഹിരി അസീറിലെ അബഹയിലാണ് വളർന്നതും പൊതുവിദ്യാഭ്യാസം നേടിയതും.
റിയാദിലേക്ക് മാറ്റുന്നതിനും കിംഗ് അബ്ദുൽ അസീസ് മിലിട്ടറി കോളേജായി പരിവർത്തിക്കുന്നതിനും മുമ്പ് ഓഫീസർ പരിശീലനത്തിനുള്ള സൗദിയിലെ ആദ്യത്തെ സ്ഥാപനമായിരുന്ന തായിഫ് മിലിട്ടറി സ്കൂളിൽ നിന്ന് ഫാലിഹ് അൽദാഹിരി പത്താം ബാച്ചിന്റെ ഭാഗമായി ബിരുദം നേടി. പാരച്യൂട്ട് ജമ്പിംഗ് കോഴ്സ്, ഇൻഫൻട്രി ഓഫീസർ കോഴ്സ്, ഗറില്ലാ യുദ്ധത്തിലും ക്ലോസ്-ക്വാർട്ടേഴ്സ് പോരാട്ടത്തിലും വൈദഗ്ധ്യം നേടിയ കമാൻഡോ കോഴ്സ് എന്നിവയുൾപ്പെടെയുള്ള പോരാട്ടങ്ങളിലും സ്പെഷ്യൽ ഓപ്പറേഷനുകളിലും തീവ്രമായ പരിശീലനങ്ങൾ നേടി. സൗദിയിലും അമേരിക്കയിലും അഡ്വാൻസ്ഡ് ഇൻഫൻട്രി ഓഫീസർ കോഴ്സും പൂർത്തിയാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കമാൻഡ് ആന്റ് സ്റ്റാഫ് കോഴ്സ് പൂർത്തിയാക്കിയ ശേഷം മിലിട്ടറി സയൻസിൽ മാസ്റ്റർ ബിരുദവും കരസ്ഥമാക്കി.
സായുധ സേനയിലും പ്രതിരോധ മന്ത്രാലയത്തിലും നിരവധി സുപ്രധാന എക്സിക്യൂട്ടീവ്, പ്ലാനിംഗ് പദവികൾ വഹിച്ചിട്ടുണ്ട്. ഇൻഫൻട്രി സ്കൂളിലെ ഇൻഫർമേഷൻ വിംഗിന് നേതൃത്വം നൽകി, ഓഫീസർമാർക്കായി ഇന്റലിജൻസ്, സ്ട്രാറ്റജിക് പാഠ്യപദ്ധതികൾ വികസിപ്പിച്ചു. പ്രതിരോധ, വ്യോമയാന മന്ത്രാലയത്തിൽ വിദേശ സഹായ വകുപ്പിന്റെ ഡയറക്ടറായി പിന്നീട് നിയമിതനായി. അന്നത്തെ പ്രതിരോധ, വ്യോമയാന മന്ത്രിയായിരുന്ന സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനുമായി അടുത്ത് പ്രവർത്തിക്കാൻ ഈ പദവി സഹായിച്ചു. കരസേനാ പരിശീലനം കൈകാര്യം ചെയ്ത് ഫീൽഡ് പരിശീലന നയങ്ങൾ രൂപപ്പെടുത്തി.
തന്റെ കരിയറിലെ ഒരു നിർണായക ഘട്ടത്തിൽ, ബ്രിഗേഡിയർ ജനറലായി, വിശുദ്ധ ഹറം പിടിച്ചെടുത്ത ഭീകരരെ അടിച്ചമർത്താൻ മക്കയിലേക്ക് മാർച്ച് ചെയ്ത എലൈറ്റ് കവചിത ബ്രിഗേഡായ തബൂക്കിലെ 20-ാമത് കിംഗ് അബ്ദുൽ അസീസ് മെക്കാനൈസ്ഡ് ബ്രിഗേഡിനെ അദ്ദേഹം നയിച്ചു. വിജയകരമായ ഫീൽഡ് ഓപ്പറേഷനുകൾക്ക് ശേഷം, ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ഭരണകാലത്ത് തബൂക്കിലെ വടക്കുപടിഞ്ഞാറൻ മേഖലാ കമാൻഡറായി നിയോഗിച്ചു. കിംഗ് അബ്ദുൽ അസീസ് മിലിട്ടറി കോളേജ് കമാൻഡറായാണ് സൈനിക ജീവിതം അവസാനിപ്പിച്ചത്.
ഹിജ്റ 1400 (എ.ഡി. 1979) മുഹറം ഒന്നിന് പുലർച്ചെ, ജുഹയ്മാൻ അൽഉതൈബിയുടെ സംഘം മക്കയിലെ വിശുദ്ധ ഹറം പിടിച്ചെടുത്ത് അതിന്റെ കവാടങ്ങൾ അടച്ച് വിശ്വാസികളെ ബന്ദികളാക്കി. ഭൂമിയിലെ ഏറ്റവും പുണ്യസ്ഥലമായ വിശുദ്ധ ഹറമിലെ ഈ ഞെട്ടിക്കുന്ന സുരക്ഷാ പ്രശ്നം കൈകാര്യം ചെയ്യാൻ, ബ്രിഗേഡിയർ ജനറൽ ഫാലിഹ് അൽദാഹിരിയുടെ നേതൃത്വത്തിലുള്ള കിംഗ് അബ്ദുൽ അസീസ് മെക്കാനൈസ്ഡ് ബ്രിഗേഡിന്റെ സൈനിക വിഭാഗങ്ങളും കവചിത വാഹനങ്ങളും തബൂക്കിൽ നിന്ന് മക്കയിലേക്ക് നീങ്ങാൻ അന്നേദിവസം ഉച്ചക്ക് മുമ്പ് അടിയന്തര ഉത്തരവുകൾ പുറപ്പെടുവിച്ചു.
സൈനികരെയും അവരുടെ ഉപകരണങ്ങളും വിമാനമാർഗവും കരമാർഗവും മക്കയിലേക്ക് കൊണ്ടുപോയി. മക്കയുടെ പ്രാന്തപ്രദേശങ്ങളിൽ എത്തി സൈനിക വിഭാഗങ്ങൾ രണ്ടാം ദിവസം പുലർച്ചെ നഗരത്തിൽ പ്രവേശിച്ച് ഓപ്പറേഷനുകൾ ആരംഭിച്ചു. സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ ഓപ്പറേഷന് നേതൃത്വം നൽകാൻ അൽശാമിയയിലെ ശുബ്ര കൊട്ടാരത്തിലാണ് സംയുക്ത ഫീൽഡ് കമാൻഡ് ആസ്ഥാനം സ്ഥാപിച്ചത്.
കീഴടങ്ങാനുള്ള ആഹ്വാനം നിരസിച്ച ഭീകരരുമായി വിശുദ്ധ ഹറമിനകത്ത് യുദ്ധം ചെയ്യാൻ അനുമതി നൽകി ഉന്നത പണ്ഡിതസഭ മതവിധി പുറപ്പെടുവിച്ചതിനെ തുടർന്ന്, കവചിത സേന അതിന്റെ പൂർണ്ണ ശക്തിയോടെ ഹറമിലേക്ക് പുറപ്പെട്ടു. കീഴടങ്ങലിനുള്ള ആഹ്വാനം ഉച്ചഭാഷിണികളിലൂടെ പ്രക്ഷേപണം ചെയ്തു. അത് നിരസിക്കപ്പെട്ടപ്പോൾ, സ്നൈപ്പർമാരെ നിർവീര്യമാക്കാൻ മിനാരങ്ങൾ ലക്ഷ്യമാക്കി സൈന്യം ആക്രമണം നടത്തി. സഫ, മർവ ഇടനാഴിയിൽ ദ്വാരം തുറന്ന് ഹറമിന്റ മുകളിലെ മുറ്റങ്ങൾ തിരിച്ചുപിടിച്ചു. തുടർന്ന് ഹറമിന്റെ സങ്കീർണ്ണമായ ഭൂഗർഭനില ശൃംഖലയിലേക്ക് ഓടിപ്പോയ ഭീകരരെ സൈന്യം പിന്തുടരുകയും അവരെ ഹറമിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.
പ്രദേശം നിയന്ത്രിക്കാനും ഭീകരരിൽ നിന്ന് മുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾ, വ്യക്തമായി നിർവചിക്കപ്പെട്ട ഘട്ടം ഘട്ടമായുള്ള പദ്ധതി പ്രകാരം നിരവധി ദിവസങ്ങളിലായി നടന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ, ഹറം വളയുകയും, മിനാരങ്ങളിൽ നിലയുറപ്പിച്ച സ്നൈപ്പർമാർ നേരിടുകയും ചെയ്തു. വിശുദ്ധ ഹറമിനെ ഇരുട്ടിലേക്ക് തള്ളിവിട്ട വൈദ്യുതി തടസ്സവും പരിഹരിച്ചു. മൂന്നാം ദിവസം, സൈന്യം മർവ ഗേറ്റിലൂടെ രണ്ടാം നിലയിലേക്ക് ഇരച്ചുകയറി. മേൽക്കൂരയും മിനാരങ്ങളും ഉൾപ്പെടെ രണ്ടാം നില പൂർണ്ണമായും മോചിപ്പിച്ചു. മുകളിലെ ബാൽക്കണികളിൽ ഒന്നിൽ രഹസ്യാന്വേഷണ ദൗത്യത്തിനിടെ, മേജർ ജനറൽ ഫാലിഹ് അൽദാഹിരിക്ക് വെടിവെപ്പിൽ പരിക്കേറ്റു. നാലാം ദിവസം, താഴത്തെ നിലയും മതാഫും ഭീകരരിൽ നിന്ന് മോചിപ്പിച്ചു. ഇതോടെ ആക്രമണകാരികൾ പിൻവാങ്ങി ഭൂഗർഭനിലയിൽ പൂർണ്ണമായും ഒളിച്ചിരിക്കാൻ നിർബന്ധിതരായി.
ഇത് പോരാട്ടത്തിന്റെ ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിന്റെ തുടക്കമായി. ഏകദേശം 225 കോൺക്രീറ്റ് സെല്ലുകളും മുറികളും വളഞ്ഞ വഴികളും കനത്ത ഉറപ്പുള്ള വാതിലുകളും ഭൂഗർഭനിലയുടെ സവിശേഷതകളായിരുന്നു. ഇരുട്ടിൽ പോരാടാൻ ഭീകരർ മനഃപൂർവ്വം വൈദ്യുതി വിച്ഛേദിക്കുകയും ഒളിഞ്ഞിരുന്ന് സൈനികരെ വെടിവെക്കാൻ 90 മുതൽ 130 സെന്റീമീറ്റർ വരെ ഉയരമുള്ള ഭിത്തികളാലുള്ള സ്ക്രീനുകൾ ഉപയോഗിക്കുകയും ചെയ്തു. കനത്ത പുക സൃഷ്ടിക്കാനും ദൃശ്യപരത മറയ്ക്കാനും ഭീകരർ കാർപെറ്റുകൾക്ക് തീയിട്ടു. സൈന്യം കടുത്ത ബുദ്ധിമുട്ടുകൾ നേരിട്ടതോടെ കെട്ടിടത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാനും മരണങ്ങൾ പരമാധി കുറക്കാനും കഴിയുന്നത്ര ഭീകരരെ ജീവനോടെ പിടികൂടാനുമുള്ള കർശന നിർദ്ദേശങ്ങൾ പാലിച്ച്, ബങ്കർ ആക്രമിച്ച് ഭീകരരിൽ നിന്ന് മുക്തമാക്കാനുള്ള നിർണായക സൈനിക പദ്ധതി വികസിപ്പിക്കാനുള്ള ചുമതല മേജർ ജനറൽ ഫാലിഹ് അൽദാഹിരിയെ ഏൽപ്പിച്ചു.
ഭൂഗർഭനില ഭീകരരിൽ നിന്ന് മുക്തമാക്കാനുള്ള ഓപ്പറേഷൻ തുടർച്ചയായി 18 മണിക്കൂർ നീണ്ടുനിന്നു. സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷനിലൂടെ കഠിനമായ പോരാട്ടത്തിനൊടുവിൽ അവസാനത്തെ ഭീകരരെ വളയുന്നതിലും അവർ അഭയം പ്രാപിച്ച അവസാന മുറിയിൽ ജുഹയ്മാൻ അൽഉതൈബിയെയും 23 അനുയായികളെയും ജീവനോടെ പിടികൂടുന്നതിലും കലാശിച്ചു.
സമർപ്പിതമായ ദേശീയ സൈനിക സേവനത്തിനുശേഷം, മേജർ ജനറൽ ഫാലിഹ് ബിൻ മുഹമ്മദ് അൽദാഹിരി 2026 സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ അന്തരിച്ചു. 86 വയസായിരുന്നു. ജിദ്ദയിലെ അൽഖുറൈഖരി ജുമാമസ്ജിൽ ദുഹ്ര് നമസ്കാരാനന്തരം മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി സമീപത്തെ ഖബർസ്ഥാനിൽ മറവു ചെയ്തു. സൈനിക അക്കാദമികളിൽ പഠിപ്പിക്കുന്ന മാതൃകാ സൈനിക തന്ത്രവും, വിശുദ്ധ ഹറമിന്റെ സുരക്ഷ ഉറപ്പാക്കാൻ തന്റെ ജീവിതവും ബുദ്ധിയും സമർപ്പിച്ച നേതാവിന്റെ സുഗന്ധപൂരിതമായ ഓർമ്മകളും അവശേഷിപ്പിച്ചുകൊണ്ടാണ് മേജർ ജനറൽ ഫാലിഹ് അൽദാഹിരി ഇഹലോകവാസം വെടിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







