റിയാദ് / മലപ്പുറം- സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും ഒരു വിരൽത്തുമ്പിലേക്ക് ഏകോപിപ്പിക്കുന്നതിനുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു. കെ.എം.സി.സി കേരള ട്രസ്റ്റിന്റെ കീഴിൽ നടത്തിവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ഉൾപ്പടെ എല്ലാ പ്രവർത്തനങ്ങളും ഈ ആപ്പ് വഴിയാണ് ഇനിമുതൽ പ്രവർത്തിക്കുക.
ഒരു സർക്കാർ നിർവഹിക്കുന്നതിലപ്പുറമുള്ള ജീവകാരുണ്യപ്രവർത്തനങ്ങളുമായി സൗദിയിലെ പ്രവാസികൾക്കിടയിൽ നിലകൊള്ളുന്ന സൗദി കെ.എം.സി.സിയുടെ സേവനങ്ങൾ മാതൃകാപരമാണെന്ന് ആപ്പ് ലോഞ്ചിംഗ് നിർവഹിച്ചു കൊണ്ട് തങ്ങൾ പറഞ്ഞു. ജാതി മത ഭേദമന്യേ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സൗദിയിലെ പ്രവാസികളെ ചേർത്ത് പിടിക്കുന്ന കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതി അഭിമാനകരമാണെന്നും തങ്ങൾ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വേൾഡ് കെ.എം.സി.സി പ്രസിഡന്റും സൗദി കെ.എം.സി.സി മുഖ്യരക്ഷാധികാരിയുമായ കെ.പി. മുഹമ്മദ് കുട്ടി, നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷറഫ് വേങ്ങാട്ട്, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കരീം താമരശ്ശേരി, ലത്തീഫ് തച്ചംപൊയിൽ, സെക്രട്ടറിമാരായ സമദ് ആഞ്ഞിലങ്ങാടി, നാസർ എടവനക്കാട്, സൈദലി അരീക്കര, സുരക്ഷാ പദ്ധതി കോർഡിനേറ്റർ റഫീഖ് പാറക്കൽ, വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കളായ ശുഹൈബ് പനങ്ങാങ്ങര, മുസ്തഫ മഞ്ഞക്കുളം, ഖാലിദ് പദ്ല, ജംഷിർ മങ്കട, സുഹൈൽ തങ്ങൾ, ബാപ്പു എസ്റ്റേറ്റ്മുക്ക് തുടങ്ങിയവരും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ.എം.സി.സി പ്രവർത്തകരും സംബന്ധിച്ചു.
കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ നടന്നുവരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇതോടുകൂടെ പൂർണ്ണമായും പുതിയ ആപ്പിലേക്ക് മാറും. 2027 വർഷത്തെ പദ്ധതി ക്യാമ്പയിൻ ഒക്ടോബർ 15 മുതൽ ആപ്ലിക്കേഷൻ വഴി ആരംഭിക്കുന്നതാണ്. ആദ്യഘട്ടത്തിൽ സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ മാത്രമായിരിക്കും ആപ്പിൽ ലഭ്യമാവുക.
പ്രവാസികൾക്ക് കെ.എം.സി.സിയുടെ അടിയന്തര സഹായം ആവശ്യമായ ഘട്ടത്തിൽ ഈ ആപ്പ് വഴി തന്റെ പരിസരത്തുള്ള കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടാൻ ആപ്പ് സൗകര്യമൊരുക്കും. തുടർന്ന് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ മറ്റ് ജീവകാരുണ്യ-സേവന പദ്ധതികളായ കേരളത്തിലെ വിവിധ ആശുപത്രികളുമായുള്ള ഡിസ്കൗണ്ട് സ്കീം (മെഡികെയർ), പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ‘സ്വാർക്ക്’, ഹജ്ജ് സർവീസ്, ബ്ലഡ് ഡൊണേഷൻ, സാംസ്കാരികം, ലീഗൽ സെൽ, വെൽഫെയർ പ്രവർത്തനങ്ങൾ, സ്പോർട്സ്, തൊഴിൽ സാധ്യതകൾ ലഭ്യമാക്കുന്ന ജോബ് ഹണ്ടിങ് തുടങ്ങിയവയും ഘട്ടം ഘട്ടമായി ആപ്പിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







