തെഹ്റാൻ- ഹോർമുസ് കടലിടുക്കിൽ പ്രവേശിക്കാനും പുറത്തുകടക്കാനും കപ്പലുകൾക്കുള്ള പുതിയ റൂട്ടുകൾ സംബന്ധിച്ച് ഇറാനും ഒമാനും അന്തിമ ധാരണയിലെത്തിയതായി ഇറാൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. കരാർ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ വാർത്താ ഏജൻസിയായ തസ്നീം അറിയിച്ചു. അറേബ്യൻ ഉൾക്കടലിലേക്കുള്ള പ്രവേശന പാത പൂർണ്ണമായും ഇറാൻ പ്രദേശിക ജലാശയങ്ങൾക്കുള്ളിലായിരിക്കുമെന്നും എക്സിറ്റ് റൂട്ടിന്റെ ഒരു ഭാഗം ഇറാൻ ജലാശയങ്ങളിലൂടെ കടന്നുപോകുമെന്നും ചർച്ചാ സംഘവുമായി അടുത്ത വൃത്തങ്ങൾ വിശദീകരിച്ചു. ഇറാൻ ക്രമീകരണങ്ങൾക്കനുസൃതമായി ഹോർമുസിൽ ഗതാഗതം കൈകാര്യം ചെയ്യും. അമേരിക്ക തുറക്കാൻ നിർബന്ധം പിടിക്കുന്ന തെക്കൻ പാത അടച്ചിടുമെന്നും ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇറാനോട് വിയോജിപ്പ്; മസ്‌കറ്റ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ
ഒമാനുമായുള്ള ധാരണ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നല്ല അർഥമാക്കുന്നത്. കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഏഴ് വ്യവസ്ഥകൾ ഇടനിലക്കാർ വഴി ഇറാൻ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. കപ്പൽ ഗതാഗതം പുനരാരംഭിക്കാനുള്ള തീരുമാനം ഈ വ്യവസ്ഥകളോടുള്ള അമേരിക്കയുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കും. ഈ വ്യവസ്ഥകൾക്ക് ഇറാന്റെ ഉന്നത അധികാരികളുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ തീരുമാനിച്ചാൽ ഉപയോഗിക്കേണ്ട സംവിധാനം എന്താണെന്ന് മാത്രമേ ഒമാനുമായുള്ള കരാർ വ്യക്തമാക്കുന്നുള്ളൂ. എന്നാൽ കടലിടുക്ക് വഴിയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് യു.എസ് നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും നടത്തിയ ചർച്ചകളുടെ ഫലം ഇരു രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളെയും ഇറാഖിനെയും അറിയിക്കും. എന്നാൽ ഈ രാജ്യങ്ങൾ കരാറിന്റെ വിശദാംശങ്ങളിൽ കക്ഷികളായിരിക്കില്ലെന്ന് അതേ വൃത്തങ്ങൾ പറയുന്നു.
സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
ഹോർമുസ് കടലിടുക്കിലെ സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ, ഗൾഫ് വിദേശ മന്ത്രിമാരെ പങ്കെടുപ്പിച്ച് ഒമാൻ തിങ്കളാഴ്ച യോഗം നടത്താൻ ഒരുങ്ങുന്നുണ്ട്. ഈ കൂടിക്കാഴ്ച കടലിടുക്ക് സംബന്ധിച്ച കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിക്കില്ലെന്നും, ജലപാത കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങളിലും മറ്റ് പ്രാദേശിക പ്രശ്‌നങ്ങളിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അന്തിമ കരാറിന്റെ സ്വഭാവത്തെ കുറിച്ച് നിലവിലുള്ള അഭിപ്രായവ്യത്യാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.യുദ്ധവും സൈനിക സംഘർഷങ്ങളും നിലനിൽക്കുന്ന ഈ സമയത്ത്, ഹോർമുസിൽ സാധാരണ നാവിഗേഷൻ പുനരാരംഭിക്കുന്നത് അമേരിക്കയുമായുള്ള ചർച്ചകളിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്ന് ഇറാൻ വാദിക്കുന്നു. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ച ഹോർമുസിനെ കുറിച്ചുള്ള അന്തിമ കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിക്കില്ലെന്ന് ഇറാൻ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.







