ദോഹ: ഇറാനിയൻ പൈലറ്റുമാരെ തങ്ങൾ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന ടെഹ്‌റാന്റെ ആരോപണം പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ഖത്തർ. പൈലറ്റിനെ കണ്ടെത്താൻ നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ വിവരങ്ങളും തെളിവുകളും നേരിട്ട് പരിശോധിക്കാൻ സാങ്കേതിക സംഘത്തെ അയക്കാനുള്ള ഖത്തറിന്റെ ക്ഷണം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാർച്ചിൽ ഖത്തർ വ്യോമപരിധി ലംഘിച്ച ഇറാനിയൻ വിമാനത്തിലെ മൂന്ന് പൈലറ്റുമാരെ ഖത്തർ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. ജവാദ് സാലിഹ്, അബ്ദുൽ മാജിദ് ദസ്തിൻ, ഇമ്രാൻ ബൈഹിറോഷിയാൻ എന്നീ പൈലറ്റുമാരെക്കുറിച്ച് വിവരമില്ലെന്നാണ് ഇറാന്റെ വാദം.
എന്നാൽ, മാർച്ചിൽ ദോഹയെ ലക്ഷ്യമിട്ട് രാജ്യത്തിന്റെ വ്യോമപരിധി ലംഘിച്ച് പ്രവേശിച്ച ഇറാനിയൻ വിമാനങ്ങളെ അന്താരാഷ്ട്ര നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണ് നേരിട്ടതെന്ന് ഡോ. അൽ-അൻസാരി വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാര ലംഘനവും സുരക്ഷാ ഭീഷണിയുമായിരുന്നു ഈ കടന്നുകയറ്റം. അപകടത്തിലായ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ഖത്തർ അധികൃതർ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
തിരച്ചിലിനൊടുവിൽ ഒരു പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും, വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമാനത്തോടെ ഇറാനിയൻ അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്നാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെ, ഖത്തറിന്റെ നടപടികൾ അടിസ്ഥാനരഹിതമാണെന്ന രീതിയിലുള്ള ഇറാനിയൻ മാധ്യമങ്ങളുടെ പ്രചാരണം അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ നടപടികളും മാനുഷികവും അന്താരാഷ്ട്രപരവുമായ ബാധ്യതകൾ പൂർണ്ണമായും പാലിച്ചുകൊണ്ടുതന്നെയാണെന്ന് ഖത്തർ വ്യക്തമാക്കി.







