അബുദാബി- ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിന്റെ കോ-പൈലറ്റ് വിമാനം തട്ടിയെടുത്ത് ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ട്. 2026 സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് പുറപ്പെട്ട എഫ്.ഇസെഡ് 1073 വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ ഇടിച്ചുകയറ്റാനായിരുന്നു പദ്ധതി. യു.എ.ഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയാണ് അന്വേഷണ വിവരങ്ങൾ പുറത്തുവിട്ടത്.
ഒമാനി പൗരനായ 29കാരനാണ് കേസിലെ പ്രതി. 2017ൽ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കാലയളവിലാണ് ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിമാനം ഉപയോഗിച്ച് സമാനമായ ആക്രമണം നടത്താൻ ഇയാൾ തീരുമാനിച്ചത്. ഈ ലക്ഷ്യത്തോടെയാണ് വിമാനയാത്രാ മേഖല തന്നെ തന്റെ തൊഴിലായി തെരഞ്ഞെടുത്തതെന്ന് പ്രതി സമ്മതിച്ചു.
ഒമാൻ എയർ, റോയൽ എയർ മൊറോക്കോ എന്നീ വിമാനക്കമ്പനികളിലെ സേവനത്തിന് ശേഷമാണ് 2026 ജനുവരിയിൽ ഇയാൾ ഫ്ലൈ ദുബായിൽ ചേർന്നത്. ആക്രമണം നടത്തുന്നതിനായി വിമാന പാതയും എയർപോർട്ടും മനസ്സിലാക്കാൻ പ്രതി മുൻപ് രണ്ട് തവണ തെൽ അവീവിലേക്ക് യാത്ര നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൊഴിൽപരമായ എല്ലാ യോഗ്യതാ പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫ്ലൈ ദുബായ് ഇയാളെ ജോലിക്ക് നിയമിച്ചിരുന്നതെന്നും അറ്റോർണി ജനറൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







