റിയാദ്- റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് യുവതി ഉൾപ്പെട്ട ഒമ്പതംഗ സാമ്പത്തിക തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തു. രാജ്യത്തിന് പുറത്തുള്ള ക്രിമിനൽ സംഘവുമായി ബന്ധമുള്ള ഒമ്പത് യെമൻ, സുഡാൻ പൗരന്മാരാണ് അറസ്റ്റിലായത്. ഇരകളുടെ ഡാറ്റ ഉപയോഗിച്ച് ഓൺലൈൻ സ്റ്റോറുകൾ വഴി സ്വർണ്ണ ബാറുകളും മൊബൈൽ ഫോണുകളും വാങ്ങി, പിന്നീട് അവ വിൽപന നടത്തിയും വിദേശത്തേക്ക് കയറ്റുമതി ചെയ്തും വരുമാനം നിയമവിരുദ്ധമായി വിദേശത്തേക്ക് മാറ്റുകയാണ് സംഘം ചെയ്തിരുന്നത്. 30 മൊബൈൽ ഫോണുകൾ, ഒരു ഐപാഡ്, 35 എ.ടി.എം കാർഡുകൾ, 25,965 റിയാൽ, സ്വർണ്ണ ബിസ്‌കറ്റകൾ എന്നിവ സംഘത്തിന്റെ പക്കൽ കണ്ടെത്തി. രണ്ടു ലക്ഷത്തിലേറെ റിയാൽ സംഘം അനധികൃതമായി വിദേശങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമനാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







