അബുദാബി– ദുബൈക്കും അബുദാബിക്കും ഇടയിലുള്ള E11 ഹൈവേയിൽ പുതിയ ദർബ് ടോൾ ഗേറ്റുകൾ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും അഫിലിയേറ്റായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) അറിയിച്ചു. ദുബൈ-അബുദാബി റോഡായ ശൈഖ് മക്തൂം ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ഖന്‍തൂത്തിലും അബുദാബിയില്‍നിന്നും ശൈഖ് സായിദ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തില്‍ വഹാത് അല്‍ കരാമ സ്ട്രീറ്റിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. അബുദാബി നഗരത്തിൽ നിലവിലുള്ള പാലം കേന്ദ്രീകരിച്ചുള്ള ടോൾ പോയിന്റുകളിൽ നിന്ന് വ്യത്യസ്തമായി, പുതിയവ റോഡിൽ നേരിട്ട് സ്ഥാപിച്ചിരിക്കുകയാണ്. ‘ദർബ് ഖൻദൂത്ത് ടോൾ ഗേറ്റ്’, ‘ദർബ് അൽ ഖുറം ടോൾ ഗേറ്റ്’ എന്നിങ്ങനെയാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന റോഡുകളിലെ ഗതാഗതം വര്‍ദ്ധിപ്പിക്കുക, റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ക്യു-മൊബിലിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.


അബുദാബിയിലെ നിലവിലുള്ള ടോള്‍ സംവിധാനത്തില്‍നിന്നും വ്യത്യസ്തമായി പുതിയ രണ്ടുഗേറ്റുകളും ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കുറും പ്രവര്‍ത്തിക്കും. ഓരോ തവണ കടക്കുമ്പോഴും നാല് ദിര്‍ഹം വീതമാണ് ഈടാക്കുക.
അബുദാബിയിലെ മറ്റു ടോള്‍ഗേറ്റുകളില്‍ നല്‍കുന്ന മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍, കുറഞ്ഞ വരുമാനമുള്ള പൗരന്മാര്‍, വിരമിച്ച പൗരന്മാര്‍ എന്നിവരുള്‍പ്പെടെ യോഗ്യരായ വിഭാഗങ്ങള്‍ക്ക് ഒരു വാഹനത്തി ന് ഇളവ് പുതിയ ഗേറ്റിലും തുടരും.
ഗതാഗത സാന്ദ്രതയും ബദല്‍ റൂട്ടുകളുടെ ലഭ്യതയും പരിഗണിച്ചു വിശദമായ ട്രാഫിക് പഠനങ്ങളുടെ അടിസ്ഥാന ത്തിലാണ് രണ്ട് സ്ഥലങ്ങളുടെയും തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഐടിസി അഭിപ്രായപ്പെട്ടു.
അബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പണം നല്‍കാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള ബദല്‍ സംവിധാനത്തെക്കുറിച്ച് അധികൃതര്‍ തന്നെ പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്.
ടോൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ അൽ ഖുറം ഗേറ്റിന് പകരമായി ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റോ അറേബ്യൻ ഗൾഫ് സ്ട്രീറ്റോ ഉപയോഗിക്കാം. ഗന്തൂത്ത് ഗേറ്റിന് പകരമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റ് ഉപയോഗിക്കാവുന്നതാണ്.
അബുദാബി നഗരത്തിലേക്കുള്ള പ്രധാന പ്രവേശന റോഡുകളിലെ ഇലക്ട്രോണിക് റോഡ് ടോൾ ശൃംഖലയാണ് ദർബ് സിസ്റ്റം. 2021 ലാണ് ഇത് ആരംഭിച്ചത്. അബുദാബി ഐലന്റിലേക്ക് നാല് പ്രധാന പാല പ്രവേശന പോയിന്റുകളാണുള്ളത്. ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവയാണിത്. ഓരോ വാഹനം കടന്നുപോകുന്നതും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (ANPR) വഴി കണ്ടെത്തും. പീക്ക് സമയങ്ങളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും പ്രധാന ഹൈവേകളിലൂടെയുള്ള ഗതാഗതം മെച്ചപ്പെടുത്താനുമാണ് ടോൾ സംവിധാനം.



