ഐചി നഗോയ- ജപ്പാനിലെ ഐചി-നഗോയ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ് ഫൈനലിൽ ഇന്ത്യയുടെ ലവ്ലീന ബൊർഗോഹെയ്ന് സ്വർണ്ണം. ചൈനയുടെ സിയി ബാവോയെ ഇടിച്ചിട്ടാണ് ലവ്ലീന റിംഗിൽ സ്വർണ്ണം കൊയ്തത്. 5-0നാണ് ചൈനീസ് താരത്തെ തോൽപ്പിച്ചത്. തന്റെ 29-ാം ജന്മദിനത്തിലാണ് ലവ്ലീന സുവർണ്ണ നേട്ടം സ്വന്തമാക്കിയത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതോടെ മേരി കോമിന് ശേഷം ബോക്സിംഗിൽ സ്വർണ്ണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറായി ലവ്ലീന മാറി.
2014ൽ ദക്ഷിണ കൊറിയയിലെ ഇൻഷോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 51 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം സ്വർണ്ണം സ്വന്തമാക്കിയത്.
2023ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിട്ടുള്ള ലവ്ലീന, ഏഷ്യൻ ഗെയിംസ് ബോക്സിങ് ഫൈനലിൽ തുടർച്ചയായി രണ്ട് തവണ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാകുകയും ചെയ്തു.
