റിയാദ്- ജോലിക്കിടെ പരിക്കേറ്റ് ആശുപത്രിയില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. റിയാദ് മല്‍ഹമില്‍ ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി റഹീമുദ്ദീന്‍ അന്‍സാരി (61)യുടെ മൃതദേഹമാണ് നിയമ തടസ്സങ്ങള്‍ നീക്കി റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം ചെയര്‍മാനും റിയാദ് ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വളണ്ടിയറുമായ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചത്.
അല്‍ഖര്‍ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡിമിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്ന റഹീമുദ്ദീന്‍ അന്‍സാരിക്ക് കഴിഞ്ഞ ജൂലൈ 23നാണ് ഫോര്‍ക്ക്‌ലിഫ്റ്റ് ഇടിച്ച് വലതു കാലില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം ഹുറൈമല ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് റിയാദ് ദര്‍ഇയ ജനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം ഓഗസ്റ്റ് 29ന് മരിച്ചു.
മരണാനന്തര നടപടിക്രമങ്ങളില്‍ വലിയ പ്രതിസന്ധികളാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനോ അല്ലെങ്കില്‍ സൗദിയില്‍ തന്നെ മറവു ചെയ്യാനോ ഉള്ള ക്ലിയറന്‍സ് രേഖകള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും നിരന്തരം ബന്ധപ്പെട്ടെങ്കിലും ക്ലിയറന്‍സ് പേപ്പറുകള്‍ ഒന്നും ലഭ്യമാക്കാന്‍ സാധിച്ചില്ല. ഹുറൈമല ജനറല്‍ ആശുപത്രി അധികൃതര്‍ ഈ വിവരം പോലീസിനെയൊ മറ്റു ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളെയോ അറിയിച്ചിരുന്നില്ല. ഇതോടെ മൃതദേഹം എന്തുചെയ്യണമെന്നറിയാതെ കുടുംബവും ബന്ധുക്കളും വലിയ ദുരിതത്തിലായി.
മരിച്ച് ഒരു മാസത്തിനു ശേഷം തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ റഫീഖ് മഞ്ചേരിക്ക് റിയാദ് ഇന്ത്യന്‍ എംബസി അനുമതി നല്‍കി. അദ്ദേഹം കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. അപകടസമയത്തോ ചികിത്സാസമയത്തോ കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. തുടര്‍ന്ന് അല്‍ഖര്‍ജിലുള്ള കമ്പനിയിലെത്തി മാനേജ്‌മെന്റുമായി സംസാരിച്ച് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും കൈപ്പറ്റി.
പിന്നീട് ആഭ്യന്തര വകുപ്പിലെ ക്ലിയറന്‍സ് പേപ്പറിനായി അദ്ദേഹം മരണം നടന്ന ദിരിയ ഹോസ്പിറ്റല്‍ പരിധിയിലെ പോലീസ് സ്റ്റേഷനെ സമീപിച്ചപ്പോള്‍, ഇത് തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കേസ് അല്ലെന്നും കമ്പനിയില്‍ നടന്ന അപകടമായതിനാല്‍ മല്‍ഹം പോലീസിന്റെയോ ഹുറൈമല പോലീസിന്റെയോ പരിധിയിലാണ് വരുന്നതെന്നും മറുപടി ലഭിച്ചു. മല്‍ഹം പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇവിടെ അപകടം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അത്‌കൊണ്ട് ക്ലിയറന്‍സ് തരാന്‍ കഴിയില്ലെന്നുംപറഞ്ഞു. തുടര്‍ന്ന് ഹുറൈമല പോലീസിനെ സമീപിച്ചപ്പോള്‍ ഇതൊരു വാഹനാപകടമായതിനാല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോകാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹുറൈമല ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോയെങ്കിലും അപകടം നടന്നത് കമ്പനിക്കുള്ളിലായതിനാല്‍ റോഡപകടമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ലെന്നും ഇത് പോലീസിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും അവരാണ് ക്ലിയറന്‍സ് തരേണ്ടതെന്നും പറഞ്ഞ് അവരും കൈയൊഴിയുകയായിരുന്നു.
ശേഷം മല്‍ഹം ജനറല്‍ ഹോസ്പിറ്റലിലെ ഉന്നത ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച ഉദ്യോഗസ്ഥര്‍, മല്‍ഹം, ഹുറൈമല പോലീസ് സ്റ്റേഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ക്ലിയറന്‍സ് നല്‍കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും നടപടികള്‍ വൈകി. രേഖകള്‍ ഒന്നും ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായതോടെ, റഫീഖ് മഞ്ചേരി ഹുറൈമല ഗവര്‍ണറേറ്റിലെത്തി ഗവര്‍ണറെ നേരിട്ട് കണ്ടു. മരിച്ച വ്യക്തി ഒരു മാസത്തോളം ചികിത്സയിലായിരുന്നുവെന്നും മരിച്ചിട്ട് ഒരു മാസത്തിലധികമായി എന്നും ചൂണ്ടിക്കാട്ടി കുടുംബത്തിന്റെ നിസ്സഹായാവസ്ഥയും അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചു. ഗവര്‍ണര്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം റഫീഖ് മഞ്ചേരിയോട് രേഖാമൂലം പരാതി നല്‍കുവാന്‍ ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച ഗവര്‍ണര്‍ അടിയന്തരമായി പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകളോട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ദര്‍ഇയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി റിയാദ് ശുമേസി ഹോസ്പിറ്റലിലേക്ക് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് മരണത്തില്‍ ദുരൂഹതയില്ലെന്ന് ഉറപ്പുവരുത്തുകയും ക്ലിയറന്‍സ് രേഖകള്‍ നല്‍കുകയും ചെയ്തു.
രേഖകള്‍ കിട്ടിയപ്പോള്‍ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള ചെലവുകള്‍ പ്രതിസന്ധിയായി. ചെലവ് വഹിക്കാന്‍ കമ്പനി വിമുഖത കാണിച്ചപ്പോള്‍ വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തി. എംബസി പോലീസുമായി ബന്ധപ്പെട്ടതോടെ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന ഭയത്തില്‍ കമ്പനി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ ആവശ്യമായ മുഴുവന്‍ ചെലവുകളും വഹിക്കാന്‍ തയ്യാറായി.
ഓഫീസുകള്‍ കയറിയിറങ്ങി നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റഫീഖ് മഞ്ചേരിയുടെയും റിയാദ് എംബസിയുടെയും ശക്തമായ ഇടപെടലിലാണ് റഹീമുദ്ദീന്‍ അന്‍സാരിയുടെ മൃതദേഹം ദമാം വഴി ലക്‌നൗവിലേക്കുള്ള ഫ്ലൈനാസ് എയറില്‍ നാട്ടിലെത്തിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി റിയാദ് കെ എം സി സി വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരായ ഇസ്ഹാഖ് താനൂര്‍ (മല്‍ഹം), ബീരാന്‍ തുവ്വൂര്‍, അബ്ദുല്‍ മജീദ് വള്ളിക്കാപറ്റ (ഹുറൈമല), ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി (റിയാദ്) എന്നിവരും രംഗത്തുണ്ടായിരുന്നു.



