അബുദാബി– യു.എ.ഇയിൽ 2027 ജനുവരി 1 മുതൽ പുതിയ ഫെഡറൽ ട്രാഫിക് ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നു. ഗതാഗത നിയന്ത്രണത്തെക്കുറിച്ചുള്ള 2024-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 14-ന്റെ നടത്തിപ്പ് ചട്ടങ്ങൾ ഉൾക്കൊള്ളുന്ന, 2026-ലെ കാബിനറ്റ് തീരുമാനം നമ്പർ 174-ലാണ് പുതിയ റോഡ് സുരക്ഷാ നിബന്ധനകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർശനമായ ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നത്.
പ്രധാന നിയമങ്ങൾ ഒറ്റനോട്ടത്തിൽ:
- ഡ്രൈവിംഗ് സമയ പരിധി: 24 മണിക്കൂറിനുള്ളിൽ ഡ്രൈവർമാർ ആകെ ഒമ്പത് മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ പാടുള്ളൂ. പ്രൊഫഷണൽ ഡ്രൈവർമാർക്കും ട്രക്ക് ഡ്രൈവർമാർക്കും ഡെലിവറി ജീവനക്കാർക്കും പുറമെ വാഹനം ഓടിക്കുന്ന എല്ലാ വ്യക്തികൾക്കും ഈ പൊതുനിയമം ബാധകമാണ്. ഈ പരിധിയിൽ മാറ്റം വരുത്താൻ ഫെഡറൽ ട്രാഫിക് കൗൺസിലിന് അധികാരമുണ്ട്.
- ക്ഷീണം വിലക്കി: എത്ര സമയം വാഹനം ഓടിച്ചു എന്നത് പരിഗണിക്കാതെ തന്നെ ക്ഷീണമുള്ളപ്പോൾ ഡ്രൈവിംഗ് ഒഴിവാക്കണം. ഒമ്പത് മണിക്കൂർ പരിധി എത്തിയിട്ടില്ലെങ്കിൽ പോലും സുരക്ഷിതമായി വാഹനം ഓടിക്കാൻ കഴിയാത്തത്ര ക്ഷീണിതനാണെങ്കിൽ ഡ്രൈവർ വാഹനം ഓടിക്കുന്നത് കുറ്റകരമാണ്.
- ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾക്കും ലഹരിക്കും വിലക്ക്: റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു. മയക്കുമരുന്നുകൾ, സൈക്കോട്രോപിക് പദാർഥങ്ങൾ, മദ്യം, സമാനമായ ലഹരിവസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ വാഹനം ഓടിക്കുന്നതും വിലക്കിയിട്ടുണ്ട്.
- വാഹന സുരക്ഷയും സീറ്റ് ബെൽറ്റും: യാത്ര പുറപ്പെടുന്നതിന് മുൻപ് വാഹനം സുരക്ഷിതമാണെന്നും തകരാറുകൾ ഒന്നുമില്ലെന്നും ഡ്രൈവർ ഉറപ്പുവരുത്തണം. ഡ്രൈവറും മുൻസീറ്റിലും പിൻസീറ്റിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാണ്.
- വേഗതയും കാൽനടയാത്രക്കാരും: ജനവാസ മേഖലകളിലെ ആന്തരിക റോഡുകളിൽ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടാൻ പാടില്ല. ജനവാസ കേന്ദ്രങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. നടപ്പാതയിലൂടെ സഞ്ചരിക്കുന്നവരുടെയും റോഡ് മുറിച്ചുകടക്കുന്നവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകണം.
- ഡെലിവറി റൈഡർമാർക്കും പ്രൊഫഷണൽ ഡ്രൈവർമാർക്കും പ്രത്യേക നിയന്ത്രണങ്ങൾ: പ്രൊഫഷണൽ ഡ്രൈവർമാർ സാധുതയുള്ള പെർമിറ്റ് കരുതണം. ഡെലിവറി ഡ്രൈവർമാർ നിശ്ചിത യൂണിഫോം ധരിക്കുകയും മാന്യമായ വേഷവിധാനം പാലിക്കുകയും വേണം. മോട്ടോർസൈക്കിൾ ഡെലിവറി റൈഡർമാർ യാത്രക്കാരെ പിന്നിൽ കയറ്റുന്നതും ഓർഡറുകൾക്കായി ബാക്ക്പാക്കുകൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്; പകരം അംഗീകൃത ലോഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കണം.
- സൈക്ലിംഗ് നിബന്ധനകൾ: സൈക്കിൾ യാത്രക്കാർ സുരക്ഷാ ഹെൽമെറ്റ് ധരിക്കുകയും ഒന്നിനുപിന്നാലെ ഒന്നായി സഞ്ചരിക്കുകയും വേണം. വളഞ്ഞുപുളഞ്ഞുള്ള ഡ്രൈവിംഗും അമിതവേഗതയും ഒഴിവാക്കണം.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഡ്രൈവർമാർ പുതിയ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



