കുവൈത്ത് സിറ്റി – കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുവൈത്തി പൗരന് വധശിക്ഷ. റുമൈതിയ പ്രദേശത്തു വെച്ചാണ് പ്രതി കുവൈത്തി പൗരയായ കാമുകിയെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ പ്രതിക്ക് നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇത് അപ്പീല്‍ കോടതി ശരിവെച്ചു. കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള പ്രതിയുടെ ശ്രമം സുരക്ഷാ സേന വിഫലമാക്കുകയായിരുന്നു. അപ്പീല്‍ കോടതി ജഡ്ജി അബ്ദുല്ല അല്‍ഉസ്മാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പ്രതിയുടെ വധശിക്ഷ ശരിവെച്ചത്.
തര്‍ക്കത്തെ തുടര്‍ന്ന് കുടുംബ ഡ്രൈവറെ കൊലപ്പെടുത്തിയ മറ്റൊരു കുവൈത്തി പൗരന് അപ്പീല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സഅദ് അല്‍അബ്ദുല്ല ഏരിയയില്‍ വെച്ച് കൊലപാതകം നടത്തിയ പ്രതി മൃതദേഹം പിന്നീട് കാറില്‍ അംഗറ സ്‌ക്രാപ് യാര്‍ഡ് പ്രദേശത്തെത്തിച്ച് കുഴിച്ചിടുകയായിരുന്നു.



