ജിദ്ദ- സൗദി അറേബ്യയിൽ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ഉൾപ്പെടെ 158 പേരെ അഴിമതി കേസുകളിൽ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു.
കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 381 പേരെയാണ് സെപ്റ്റംബർ മാസത്തിൽ അതോറിറ്റി ചോദ്യം ചെയ്തത്. തുടർനടടികളുടെ ഭാഗമായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 158 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ആഭ്യന്തര, നീതിന്യായ, വിദ്യാഭ്യാസ, മുനിസിപ്പൽ-ഭവനകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായവരിൽ ഏറെയും ഉള്ളത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി വരുന്നതായും തുടർന്ന് കേസ് കോടതിയിലേക്ക് കൈമാറുമെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തുടനീളം കർശന പരിശോധനകളുടെ ഭാഗമായി സെപ്റ്റംബറിൽ 1,758 ഫീൽഡ് പരിശോധനകളാണ് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയത്. സാമ്പത്തികമോ ഭരണപരമോ ആയ അഴിമതി സംബന്ധിച്ച ഏത് വിവരങ്ങളും ടോൾ ഫ്രീ നമ്പറായ 980 വഴിയോ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







