കുവൈത്ത് സിറ്റി: രാജ്യത്ത് ഫോൺ കോളുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മറ്റ് ആശയവിനിമയങ്ങളും നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പുതിയ സിസ്റ്റം അപ്‌ഡേറ്റുകളിലൂടെ കുവൈത്ത് ഭരണകൂടം പൗരന്മാരുടെയും താമസക്കാരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കോളുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വ്യാജ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയത്.
വാർത്തകളുടെ കൃത്യത ഉറപ്പുവരുത്തണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും സ്വീകരിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.







