ലണ്ടൻ- കിഴക്കൻ ജറൂസലേമിലെ യു.കെ കോൺസുലേറ്റ് അടച്ചുപൂട്ടി ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ. 27 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കിയാൽ പകരം ലണ്ടനിലുള്ള 27 ഇസ്രായേലി നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും ബ്രിട്ടനിൽ നിന്ന് പുറത്താക്കുമെന്നാണ് യുകെ വ്യക്തമാക്കിയത്. ഇസ്രായേലിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ വാൾട്ടേഴ്സ് ഇസ്രായേൽ അധികൃതരെ നേരിട്ടറിയിച്ചതാണ് ഈ നിലപാട്.
വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കും സ്ഥാപനങ്ങൾക്കും യു കെ ഉപരോധം ഏർപ്പെടുത്തിയതാണ് നിലവിലെ നയതന്ത്ര തർക്കത്തിന് കാരണം. ഇതിൽ പ്രകോപിതനായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാആർ പുറപ്പെടുവിച്ച 30 ദിവസത്തെ നോട്ടീസ് കാലാവധി അവസാനിക്കുന്നതോടെ, 2026 ഒക്ടോബർ 8ഓടെ കോൺസുലേറ്റ് അടച്ചുപൂട്ടാനാണ് ഇസ്രായേൽ പദ്ധതിയിടുന്നത്.
അനധികൃത കുടിയേറ്റം; ഇസ്രയേലിനെതിരെ വ്യാപാര ഉപരോധവുമായി ബ്രിട്ടൻ
കോൺസുലേറ്റ് അടച്ചുപൂട്ടുന്നതിന് പുറമെ ഗാസ ഏകോപന കേന്ദ്രത്തിൽ നിന്നുള്ള ബ്രിട്ടീഷ് പ്രതിനിധികളെ നീക്കൽ, ഫലസ്തീൻ സുരക്ഷാ സേനയ്ക്കുള്ള ബ്രിട്ടന്റെ പരിശീലനം അവസാനിപ്പിക്കൽ, ബ്രിട്ടീഷ് രാഷ്ട്രീയക്കാർക്കും പൊതുജനങ്ങൾക്കും ഇസ്രായേലിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തൽ തുടങ്ങി നിരവധി പ്രതികാര നടപടികളും ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമാനമായ രീതിയിൽ തിരിച്ചടിക്കുമെന്ന ഉറച്ച നിലപാടിലാണ് ബ്രിട്ടൻ.







