ലണ്ടൻ- ലണ്ടനിലെ ഇസ്രായേൽ എംബസിയിൽ കത്തി ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമിച്ച സംഭവത്തിൽ കുവൈത്ത് പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 34കാരനായ അബ്ദുല്ല അൽ ബദ്റിക്കാണ് ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതി ശിക്ഷ വിധിച്ചത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കൽ, മാരകായുധങ്ങൾ കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്ന് ജഡ്ജി ക്രിസ്റ്റീന ലാംബെർട്ടാണ് വിധി പ്രസ്താവിച്ചത്. പ്രതി കുറഞ്ഞത് 20 വർഷമെങ്കിലും തടവിൽ കഴിയണമെന്ന് കോടതി ഉത്തരവിട്ടു.
2025 ഏപ്രിലിൽ പടിഞ്ഞാറൻ ലണ്ടനിലെ എംബസിയുടെ 2.4 മീറ്റർ ഉയരമുള്ള വേലി രണ്ട് കത്തികളുമായി ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സായുധ പോലീസിന്റെ പിടിയിലാകുന്നത്. ഗാസയിൽ കുട്ടികൾ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യാനാണ് ആക്രമണത്തിന് മുതിർന്നതെന്ന് വിചാരണ വേളയിൽ അൽബദ്രി വെളിപ്പെടുത്തി. പരിശോധനയിൽ ഇയാളിൽ നിന്ന് രക്തസാക്ഷിത്വ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
2021 ഓഗസ്റ്റിലും 2025 ഏപ്രിലിലും ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യു.കെയിലെത്തിയ അൽബദ്റിയുടെ അഭയാർത്ഥി അപേക്ഷ ബ്രിട്ടൻ നേരത്തെ നിരസിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. റിമാൻഡ് കാലാവധി കണക്കിലെടുത്ത് പ്രതിയുടെ കുറഞ്ഞ ശിക്ഷാ കാലാവധി 18 വർഷവും 207 ദിവസവുമായി ക്രമീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







