ജിദ്ദ – ചൈതന്യവും പൈതൃകവും തുടിക്കുന്ന ജിദ്ദയിലെ റമദാന്‍ വിപണികള്‍ നഗരത്തിന്റെ വേറിട്ട പാരമ്പര്യമാണ്. റമദാന്‍ രാത്രികളില്‍ ജിദ്ദയിലെ വിപണികള്‍ വലിയ ഉണര്‍വ് കൈവരിക്കുന്നു. ഇഫ്താറിന് ശേഷം പ്രധാന ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളായി മാറുന്ന ഇവിടങ്ങളില്‍ ആത്മീയ അന്തരീക്ഷം പൈതൃക, സാംസ്‌കാരിക പരിപാടികളുമായി പരിധികളില്ലാതെ ഇഴുകിച്ചേരുന്നു.
കരകൗശല വസ്തുക്കള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, പ്രാദേശിക വിഭവങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ജനപ്രിയ സീസണല്‍ വിപണികള്‍ നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളിലും ചത്വരങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ചരിത്രപരമായ സ്വഭാവത്തിനും റമദാന്‍ അലങ്കാരങ്ങള്‍ക്കും പേരുകേട്ട ബലദ് ഡിസ്ട്രിക്ട് ഇക്കൂട്ടത്തില്‍ പ്രമുഖ ലക്ഷ്യസ്ഥാനമായി വേറിട്ടുനില്‍ക്കുന്നു.


വിശുദ്ധ മാസത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുകയും സാമൂഹികബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഊര്‍ജസ്വലമായ അന്തരീക്ഷത്തില്‍ കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന സാമൂഹിക ഇടങ്ങളായി ഈ വിപണികള്‍ പ്രവര്‍ത്തിക്കുന്നു. സീസണല്‍ ബസാറുകള്‍ വഴി അവ പ്രാദേശിക ഉല്‍പാദകരെയും സംരംഭകരെയും പിന്തുണക്കുകയും ചെയ്യു്ന്നുണ്ട്.


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വിനോദ പരിപാടികള്‍, തത്സമയ പ്രകടനങ്ങള്‍, മത്സരങ്ങള്‍ എന്നിവ സൂഖുകളില്‍ നടക്കുന്നു. ഇത് ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുകയും നഗരവാസികളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുകയും ചെയ്യുന്നു. ജിദ്ദയിലെ ഏറ്റവും ഊര്‍ജസ്വലമായ സമയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റമദാന്‍ സീസണില്‍ ഉല്‍പ്പന്ന ഗുണനിലവാരവും സുഗമമായ ഗതാഗത പ്രവാഹവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ശക്തമായ മേല്‍നോട്ടത്തില്‍ ഈ പരിപാടികള്‍ മാസം മുഴുവന്‍ തുടരുന്നു.





