ജിദ്ദ: പരമ്പരാഗത പെട്രോൾ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് കാറുകളിലേക്ക് ചുവടുമാറി സൗദി അറേബ്യൻ വാഹന വിപണി. രാജ്യത്തേക്കുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് നിലവിൽ രേഖപ്പെടുത്തുന്നത്. വിഷൻ 2030-ന്റെ ഭാഗമായി സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം വ്യാപിപ്പിക്കാനും സൗദി ഭരണകൂടം നടപ്പിലാക്കുന്ന സമഗ്ര പദ്ധതികളുടെ വിജയം കൂടിയാണ് ഈ വൻ മുന്നേറ്റം. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിയിൽ 679 ശതമാനത്തിന്റെ കൂറ്റൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024-ൽ വെറും 6.1 കോടി റിയാൽ മൂല്യമുള്ള 178 ഇലക്ട്രിക് കാറുകൾ മാത്രം ഇറക്കുമതി ചെയ്ത സ്ഥാനത്ത്, കഴിഞ്ഞ വർഷം 24.1 കോടി റിയാൽ മൂല്യം വരുന്ന 1,386 കാറുകളാണ് സൗദിയിലെത്തിയത്.
സൗദിയിലെത്തുന്ന ഇലക്ട്രിക് കാറുകളിൽ വൻ ഭൂരിഭാഗവും ചൈനയിൽ നിന്നുള്ളവയാണ്. വിപണിയിലെ വിതരണക്കാരുടെ പട്ടികയിൽ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ചൈന തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്ത മൊത്തം കാറുകളുടെ 89.3 ശതമാനവും അതായത് 1,237 കാറുകളും ചൈനയിൽ നിന്നുള്ളതായിരുന്നു. 74 കാറുകളുമായി ജർമ്മനിയും 37 കാറുകളുമായി അമേരിക്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. നടപ്പു വർഷത്തിലും ഈ ചൈനീസ് മുന്നേറ്റം കൂടുതൽ ശക്തമായി തുടരുകയാണ്. ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സൗദിയിലെത്തിയ 550 ഇലക്ട്രിക് കാറുകളിൽ 545 എണ്ണവും ചൈനയിൽ നിന്നുള്ളതായിരുന്നു. വിപണിയിൽ എത്തുന്ന ആകെ ഇറക്കുമതിയുടെ 99.1 ശതമാനവും ചൈന കൈയടക്കിയത് ഈ മാറ്റം താൽക്കാലികമല്ലെന്ന് വ്യക്തമാക്കുന്നു.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പുറമെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരെ ലക്ഷ്യമിട്ടുള്ള കോടികൾ വിലമതിക്കുന്ന സൂപ്പർ കാറുകളുടെ ഇറക്കുമതിയും സൗദിയിൽ സജീവമാണ്. മെക്സിക്കോയിൽ നിന്ന് 19 ലക്ഷത്തിലേറെ റിയാൽ വിലയുള്ള കാറും ജപ്പാനിൽ നിന്ന് 12 ലക്ഷം റിയാലിന്റെ കാറും കഴിഞ്ഞ വർഷം സൗദി ഇറക്കുമതി ചെയ്തിരുന്നു. ഫ്രാൻസിൽ നിന്ന് എത്തിച്ച രണ്ട് കാറുകളുടെ ആകെ വില 60 ലക്ഷം റിയാലോളമായിരുന്നു.
ഇറക്കുമതിയിൽ മാത്രമല്ല, ഇലക്ട്രിക് വാഹനങ്ങളുടെ പുനർ കയറ്റുമതിയിലും സൗദി അറേബ്യ വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 163 ശതമാനം വളർച്ച രേഖപ്പെടുത്തി. 3.3 കോടി റിയാൽ മൂല്യമുള്ള 134 കാറുകളാണ് കഴിഞ്ഞ വർഷം വിദേശ വിപണികളിലേക്ക് സൗദി കയറ്റി അയച്ചത്. ഓസ്ട്രിയ, യു.എ.ഇ, പോളണ്ട് എന്നിവയാണ് സൗദിയിൽ നിന്നുള്ള വാഹനങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. അടിസ്ഥാന സൗകര്യ വികസനവും ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയും വേഗത്തിൽ വ്യാപിപ്പിക്കുന്നതോടെ സൗദിയുടെ നിരത്തുകളിൽ ഇനി ഇലക്ട്രിക് കാറുകളുടെ സുവർണ്ണ യുഗമായിരിക്കും തെളിയുക.







