ന്യൂഡല്‍ഹി – ന്യൂഡല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടിക്കിടെ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനും ചര്‍ച്ച നടത്തി. പരസ്പര താല്‍പ്പര്യമുള്ള നിരവധി പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും വിശകലനം ചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെയും, ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെയും പ്രാധാന്യവും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയിലാണ് പതിനെട്ടാമത് ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടക്കുന്നത്.
പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കല്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ബ്രിക്‌സ് ഉച്ചകോടി അധ്യക്ഷപദവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രീയം, സുരക്ഷാ സഹകരണം, സാമ്പത്തിക-ധനകാര്യ വിഷയങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയെല്ലാം ചര്‍ച്ചാവിഷയങ്ങളാണ്. 2024 ജനുവരി മുതല്‍ യു.എ.ഇ ബ്രിക്‌സില്‍ പൂര്‍ണ്ണ അംഗമായി പങ്കാളിയായിട്ടുണ്ട്. ബഹുമുഖ സഹകരണത്തിനായുള്ള രാജ്യത്തിന്റെ സമീപനത്തിന്റെ ഭാഗമാണ് ഈ അംഗത്വം. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ സാമ്പത്തിക വികസനം, വ്യാപാരം, നിക്ഷേപം, ആഗോള ഭരണം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബ്രിക്‌സ് വേദി ഒരുക്കുന്നു.
മിഡില്‍ ഈസ്റ്റില്‍ സമാധാനം പാലിക്കാന്‍ ചൈന, റഷ്യ, ഇറാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെ 11 അംഗങ്ങളുള്ള ബ്രിക്‌സ് ഗ്രൂപ്പ്, ഇന്ന് നടന്ന ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ ഞങ്ങള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. അതോടൊപ്പം, ഞങ്ങളുടെ ദേശീയ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, പരമാവധി സംയമനം പാലിക്കാനും സാഹചര്യം കൂടുതല്‍ വഷളാക്കിയേക്കാവുന്ന നടപടികള്‍ ഒഴിവാക്കാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു – ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
അതേസമയം, യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കപ്പല്‍പ്പാതയുടെ നിയന്ത്രണം ഏറ്റെടുത്ത, ഇറാന്‍ അനുകൂലികളായ യെമനിലെ ഹൂത്തി പോരാളികള്‍ യെമനില്‍ ഇടപെടരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് പറഞ്ഞു. ഹൂത്തികള്‍ ഞങ്ങളെ വിളിച്ചിരുന്നു, അവര്‍ക്ക് ഞങ്ങളുമായി യുദ്ധം ചെയ്യാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു – അയര്‍ലന്‍ഡിലെ ഡബ്ലിന്‍ സന്ദര്‍ശനത്തിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







