പാലക്കാട്: പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് ഇന്റേൺഷിപ്പ്, ഫീൽഡ് വർക്ക് കാലയളവുകളിൽ പെൺകുട്ടികൾ നേരിടുന്ന കടുത്ത വിവേചനവും സുരക്ഷാ ഭീഷണികളും അവസാനിപ്പിക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിച്ച 30-ാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനമായ ‘പ്രൊഫ്‌കോൺ’ ഗേൾസ് ഗാതറിങ് ആവശ്യപ്പെട്ടു. പാലക്കാട് അഹല്യ ക്യാമ്പസിലാണ് സമ്മേളനം നടന്നത്.
സിവിൽ എഞ്ചിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളുടെ ഭാഗമായുള്ള ഫീൽഡ് വർക്കുകൾക്ക് പോകുന്ന പെൺകുട്ടികൾക്ക് സുരക്ഷിതമായ താമസസൗകര്യം ലഭിക്കുന്നില്ലെന്ന പരാതി ഗൗരവതരമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ തങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനും ആചാര-വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളെയും സ്ത്രീവിരുദ്ധ നിലപാടുകളെയും വൈജ്ഞാനികമായി നേരിടാൻ പ്രാപ്തരാകണം. പുരുഷാധിപത്യ സൗന്ദര്യ സങ്കല്പങ്ങളിലൂടെ അപകർഷതാബോധം വളർത്താൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും, സ്ത്രീത്വത്തെ വാണിജ്യവൽക്കരിക്കാനുള്ള സാമ്രാജ്യത്വ അജണ്ടകളെ കരുതിയിരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങൾ: മന്ത്രി കെ.എ. തുളസി
സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ. കെ.എ. തുളസി, സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ആത്മവിശ്വാസത്തോടെ പോരായ്മകളെ മറികടക്കാനും സ്ത്രീകൾ തയ്യാറാകണം. ജനാധിപത്യത്തിനും ചരിത്രത്തിനും മേൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ സൂക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ കൺവീനർ ഹംസ മദീനി, വിസ്‌ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. സി. റസീല, എന്റവർ ഇന്റർനാഷണൽ സ്കൂൾ ഫൗണ്ടർ അഫ്രീൻ മുഹമ്മദ്, വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം. നുബ്‌ല, ജനറൽ സെക്രട്ടറി ടി.കെ. ഹനീന, വിസ്‌ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറ, മുഹമ്മദ് സ്വാദിഖ് മദീനി തുടങ്ങിയവർ സംസാരിച്ചു.
ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥിനികൾ പങ്കെടുത്ത പ്രൊഫ്‌കോൺ സമ്മേളനം നാളെ (ഞായർ) സമാപിക്കും.







