അബൂദാബി യു.എ.ഇയിൽ അനധികൃത മനുഷ്യക്കടത്ത് നടത്തവെ രണ്ട് വൻ സംഘങ്ങൾ പിടിയിൽ. ആളുകളെ രാജ്യത്തേക്ക് കടത്താനും രാജ്യത്തിന് പുറത്തെത്തിക്കാനും ശ്രമിച്ച സംഘങ്ങളെയാണ് യു.എ.ഇ സുരക്ഷാ വിഭാഗം പിടികൂടിയത്. അതീവ സൂക്ഷ്മമായി നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് സംഘം വലയിലായത്. ഗൾഫ് രാജ്യത്തിലെ പൗരന്മാരായ വ്യക്തികൾ ഉൾപ്പെട്ട മനുഷ്യക്കടത്ത് സംഘമാണ് പിടിയിലായത്. സുരക്ഷാ പരിശോധനകൾ വെട്ടിച്ച് ആളുകളെ അതിർത്തി കടത്താൻ ശ്രമിച്ച ഇവരെ യു.എ.ഇ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മറ്റൊരു സംഭവത്തിൽ യു.എ.ഇയിൽ നിയമപരമായ യാത്രാവിലക്കുകളും അറസ്റ്റ് വാറന്റുകളുമുള്ള വിദേശിയെ രാജ്യത്തു നിന്ന് ഒളിച്ചുകടത്താൻ ശ്രമം നടത്തിയ സംഘത്തെയും അറസ്റ്റ് ചെയ്തു. ഗൾഫ് സ്വദേശിയായ സ്ത്രീയും അവരുടെ മകളും ചേർന്നാണ് ഈ നീക്കം ആസൂത്രണം ചെയ്തത്. സ്വന്തം കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഇവരുടെ ശ്രമം. മുമ്പും ഇത്തരത്തിൽ നിരവധി തവണ ഇവർ അനധികൃതമായി ആളുകളെ കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്
