മക്ക – ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ഹജ് തീര്‍ഥാടകര്‍ ഇന്ന് മുതല്‍ പുണ്യഭൂമിയായ മക്കയിലേക്ക് എത്തിത്തുടങ്ങും. തീര്‍ഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് സൗദി അറേബ്യയില്‍ പൂര്‍ത്തിയായിരിക്കുന്നത്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ സംഘങ്ങൾ ഇതിനോടകം യാത്ര തിരിച്ചു കഴിഞ്ഞു. തീര്‍ഥാടകര്‍ എത്തുന്നതോടെ മക്കയിലെ തിരക്ക് കണക്കിലെടുത്ത് വിശുദ്ധ കഅബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വ നിലത്തുനിന്ന് മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്.
ഹജ് സീസണിലെ വലിയ തിരക്കിനിടയില്‍ കിസ്‌വയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ചില തീര്‍ഥാടകര്‍ പുണ്യം തേടി കിസ്‌വയിലെ നൂലുകള്‍ വലിച്ചെടുക്കുന്നതും പതിവാണ്. ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനാണ് ഹറംകാര്യ വകുപ്പ് ഈ സുരക്ഷാ നടപടി സ്വീകരിക്കുന്നത്. ഹജ് കാലം അവസാനിക്കുന്നത് വരെ കിസ്‌വ ഇതേ രീതിയില്‍ തുടരും. പിന്നീട് ദുല്‍ഹജ് ഒമ്പതിന് അറഫാ സംഗമ ദിവസം പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കും. പുതിയ കിസ്‌വയും തീര്‍ഥാടനം കഴിയുന്നത് വരെ ഉയര്‍ത്തിത്തന്നെയായിരിക്കും കെട്ടുക.
യാത്ര സുഗമമാക്കുന്നതിനായി തീര്‍ഥാടകര്‍ കൃത്യമായ സമയക്രമം പാലിക്കണമെന്ന് ഹജ് ഉംറ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ലഗേജുകളുടെ ഭാരം കുറയ്ക്കാനും യാത്രാ രേഖകളും വിസകളും കൃത്യമാണെന്ന് ഉറപ്പുവരുത്താനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിരോധിത വസ്തുക്കള്‍ കൈവശം വെക്കരുതെന്നും പ്രത്യേകം ഓര്‍മ്മിപ്പിച്ചു. വലിയ തുകയോ മരുന്നുകളോ കൈവശമുണ്ടെങ്കില്‍ അത് മുന്‍കൂട്ടി വെളിപ്പെടുത്തണം. മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കുറിപ്പടികളും കരുതണം. കൂടാതെ, ലഗേജ് രഹിത ഹജ് പദ്ധതിയും നുസുക് കാര്‍ഡും തീര്‍ഥാടകര്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.



