ജിദ്ദ– സൗദി അറേബ്യയില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഗ്രൂപ്പ് ഹൗസിംഗ് പദ്ധതിയുടെ അവസാന ഘട്ടം ഫെബ്രുവരി ഒന്നു മുതല്‍ നിലവില്‍ വരും. 250ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് ഈ ഘട്ടത്തില്‍ പദ്ധതിയുടെ പരിധിയില്‍ വരുന്നത്.
തൊഴിലാളികളുടെ താമസ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും ഉയര്‍ന്ന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫെബ്രുവരി ഒന്നു വരെയുള്ള ശേഷിക്കുന്ന കാലയളവ്, നിയമപരമായ നിയന്ത്രണ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാവകാശമായി (ഗ്രേസ് പിരീഡ്) പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്ഥാപനങ്ങള്‍ക്ക് പ്രധാനമായും രണ്ട് വഴികളിലൂടെ ഈ വ്യവസ്ഥകള്‍ പാലിക്കാവുന്നതാണ്:
- സ്വന്തം കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നേടുക: ആവശ്യമായ ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഗ്രൂപ്പ് ഹൗസിംഗ് ലൈസന്‍സ് കരസ്ഥമാക്കുക.
- ലൈസന്‍സുള്ള കേന്ദ്രങ്ങളുമായി കരാറുണ്ടാക്കുക: നിലവില്‍ അംഗീകാരവും ലൈസന്‍സുമുള്ള ഗ്രൂപ്പ് ഹൗസിംഗ് യൂണിറ്റുകളുമായി വാടകക്കരാറില്‍ ഏര്‍പ്പെടുക.
നിയമനടപടികളും പിഴകളും ഒഴിവാക്കുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ തന്നെ ലൈസന്‍സിംഗ്, കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ദേശീയ പ്രോഗ്രാം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നത്. പ്രമുഖ മന്ത്രാലയങ്ങളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഇതില്‍ പങ്കാളികളാണ്. തൊഴിലാളികളുടെ ജീവിതനിലവാരവും നഗരങ്ങളുടെ സൗന്ദര്യവും മെച്ചപ്പെടുത്താന്‍ പദ്ധതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



