കുവൈത്ത് സിറ്റി- അൽ അബ്ദലി റോഡിൽ മരുഭൂമിയിലെ ഫാം കേന്ദ്രീകരിച്ച് പ്രാദേശിക മദ്യം നിർമ്മിക്കുകയും സംഭരിക്കുകയും വിൽക്കുകയും ചെയ്ത നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡിറ്റക്ടീവുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന കേന്ദ്രത്തിനെതിരെ വിവരം ലഭിച്ചതിനെ തുടർന്ന് ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു. നിജസ്ഥിതി ഉറപ്പുവരുത്തിയ ശേഷം നടത്തിയ റെയ്ഡിൽ മൂന്ന് പ്രതികൾ മദ്യം നിർമ്മിക്കുന്നതിനിടെ പിടിയിലായി. പുനർവിൽപ്പനക്കായി മദ്യക്കുപ്പികൾ വാങ്ങാൻ എത്തിയപ്പോഴാണ് നാലാമനെ അറസ്റ്റ് ചെയ്തത്.
സ്ഥലത്ത് നടത്തിയ പരിശോധനയിൽ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച് വിൽപ്പനക്ക് തയ്യാറാക്കിയ 236 കുപ്പി മദ്യം, മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി ബാരലുകൾ, അസംസ്‌കൃത വസ്തുക്കൾ, വൻ വാഷ് ശേഖരം, പണം എന്നിവ കണ്ടെത്തി. മദ്യം നിർമ്മിക്കാനും സംഭരിക്കാനും വിൽക്കാനും ഫാം ഉപയോഗിച്ചതായി മൂന്ന് പ്രതികളും സമ്മതിച്ചു. പുനർവിൽപ്പനക്കായി മദ്യം വാങ്ങിയതായി നാലാമനും സമ്മതിച്ചു. തട്ടിപ്പ് കേസിൽ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. സുരക്ഷാ വകുപ്പുകൾ കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ഏകോപനം നടത്തി മദ്യനിർമ്മാണ കേന്ദ്രം നീക്കം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







