കുവൈത്ത് സിറ്റി – ഏഷ്യന്‍ വംശജന്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായ കുവൈത്തി പൗരനെ ക്രിമിനല്‍ കോടതി പതിനഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. അല്‍മുത്‌ലഅ് മരുഭൂപ്രദേശത്ത് പലചരകട നടത്തിവന്നിരുന്ന പ്രവാസി കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കാർ ദേഹത്ത് കയറി മരണപ്പെട്ടത് . പ്രതി ഇദ്ദേഹത്തിന്റെ കടയില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ പണം നല്‍കാതെ കടക്കുന്നതിനിടെയാണ് അപകടമുണ്ടായത് .
പണം നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാൻ കടയിലെ ജീവനക്കാരന്‍ കാറില്‍ പിടിച്ചുതൂങ്ങി തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട ഏഷ്യന്‍ വംശജന്‍ നിലത്തേക്ക് വീഴുകയും വാഹനത്തിന്റെ ടയറുകള്‍ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല . ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഉടന്‍ തന്നെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് അടിമയായ പ്രതി സമാന രീതിയില്‍ മറ്റു പലചരക്കുകടകളിലും കവര്‍ച്ചകള്‍ നടത്തിയതായി അന്വേഷണത്തിലൂടെ കണ്ടെത്താൻ സാധിച്ചു.
മാതാവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. പ്രതി കാര്‍ ദുരുപയോഗം ചെയ്യുന്നതായി മാതാവിന് അറിയില്ലായിരുന്നു. തിരിച്ചറിയപ്പെടാതിരിക്കാന്‍ മോഷ്ടിച്ച വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ കാറില്‍ സ്ഥാപിച്ചാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഒന്നിലധികം കവര്‍ച്ചകള്‍ക്ക് പ്രതി ഈ കാര്‍ ഉപയോഗിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.