ജിദ്ദ- 22 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അറേബ്യൻ ഗൾഫ് കപ്പിൽ മുത്തമിട്ട് സൗദി അറേബ്യ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിൽ നടന്ന 27ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ യു.എ.ഇയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സൗദി സ്വന്തം മണ്ണിൽ കിരീടം നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ വെറും രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് സൗദി അറേബ്യ തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്.
𝗛𝗧 | 🇸🇦 𝟮-𝟬 🇦🇪 𝐖𝐇𝐀𝐓 𝐀 𝐇𝐀𝐋𝐅 ⏸️ Alhammami and Albrikan’s early goals have brought our Khaleeji 27 dream closer ✨ Keep pushing, #GreenFalcons 🦅 #GulfCup27 https://t.co/gsDkExHUTh
— Saudi National Team (@SaudiNT_EN) October 6, 2026
11ാം മിനിറ്റിൽ സൗദി വിങ്ങർ ഹമാം അൽ ഹമാമി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് യു.എ.ഇ പ്രതിരോധ നിരയിൽ തട്ടി ഡിഫ്‌ലെക്ട് ചെയ്ത് വലയിലായി.
13ാം മിനിറ്റിൽ ഫിറാസ് അൽ ബുറൈകാൻ ലോ ലെഫ്റ്റ് ഫൂട്ടഡ് ഫിനിഷിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. തുടർന്ന് മത്സരത്തിലുടനീളം ഈ ലീഡ് നിലനിർത്താൻ സൗദിക്ക് സാധിച്ചു.
ടൂർണമെന്റിൽ ഉടനീളം ഒരു ഗോൾ പോലും വഴങ്ങാതെയാണ് സൗദി അറേബ്യ ഈ കിരീടം ചൂടിയത്. സൗദി അറേബ്യയുടെ നാലാമത്തെ അറേബ്യൻ ഗൾഫ് കപ്പ് കിരീടനേട്ടമാണിത്. 1994, 2002, 2003- 04 കിരീടങ്ങളാണ് ഇതിനു മുമ്പ് നേടിയത്.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി സൗദിയുടെ ഹമാം അൽ ഹമാമി തിരഞ്ഞെടുക്കപ്പെട്ടു.
സൗദി ഗോൾ കീപ്പർ മുഹമ്മദ് അൽ ഉവൈസ്, ടൂർണമെന്റിലെ ഒരു മത്സരത്തിൽ പോലും ഗോൾ വഴങ്ങാതെ ചരിത്ര നേട്ടത്തോടെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് വീതം ഗോളുകൾ നേടി സൗദി സ്‌ട്രൈക്കർ ഫിറാസ് അൽ ബുറൈകാനും ഒമാന്റെ നാസർ അൽ റവാഹിയും ടൂർണമെന്റിലെ ടോപ് സ്‌കോറർമാരായി.
യമന്റെ ആദൽ അബ്ബാസിനെ മികച്ച യുവതാരമായും തിരഞ്ഞെടുത്തു.







