ദുബായ്: റാസൽഖൈമയിലെ അൽ വതർ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ സ്വദേശിയായ മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മട്ടന്നൂർ സ്വദേശിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ കൂടുതൽ മലയാളികൾ മരിച്ചിട്ടുണ്ടാകാമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.
അപകടത്തിൽ മരിച്ച ആകെ 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറാണ് (31) തിരിച്ചറിഞ്ഞ മറ്റൊരു ഇന്ത്യക്കാരൻ. മരിച്ച ബാക്കി രണ്ട് പേർ ഫിലിപ്പീൻസ്, ശ്രീലങ്ക സ്വദേശികളാണ്. മൃതദേഹങ്ങൾ പൂർണ്ണമായി തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.
ഒമാനിൽ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസിന്റെ ബസാണിതെന്നാണ് സൂചന. 41 യാത്രക്കാരുണ്ടായിരുന്ന ബസ് തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കെ പിന്നിൽനിന്നെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.



