റിയാദ്- കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വന്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേന അറിയിച്ചു. ഇന്ന് രാവിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യത്യസ്ത കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ഏഴു ഡ്രോണുകള്‍ സൗദി വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞ് തകര്‍ത്തു.
കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രമായ റാസ് തന്നൂറയില്‍ നാല് ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. ഇതിന്റെ ഫലമായി ഡ്രോണുകളുടെയും ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെയും ചില അവശിഷ്ടങ്ങള്‍ പതിച്ചു. എന്നാല്‍ പ്രാഥമിക വിലയിരുത്തലുകളില്‍ ആര്‍ക്കും പരിക്കില്ല. കിഴക്കന്‍ പ്രവിശ്യയിലെ മറ്റിടങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ തൊടുത്തുവിട്ട മൂന്നു ഡ്രോണുകള്‍ കൂടി തടഞ്ഞ് നശിപ്പിച്ചതായി മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
യെമനിലെ ഹുദൈദ തുറമുഖത്തും സഅ്ദ, അമ്രാന്‍ ഗവര്‍ണറേറ്റുകളിലും ആക്രമണങ്ങള്‍ നടത്തുകയും ഏതാനും ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും ചെയ്തതായും സഖ്യസേന അറിയിച്ചു. സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി സാധാരണക്കാര്‍ പശ്ചിമ യെമനിലെ ഹുദൈദ തുറമുഖം ഒഴിഞ്ഞുപോകണമെന്ന് സഖ്യസേന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുറമുഖത്ത് സഖ്യസേന ആക്രമണം നടത്തിയത്. ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖം സൗദി അറേബ്യക്കും നിയമാനുസൃത യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ക്കും ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താനും ഹൂത്തികള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയും ഹുദൈദ തുറമുഖത്തു നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ സഖ്യസേന സാധാരണക്കാരോട് ആവശ്യപ്പെട്ടിരുന്നു. അന്നും തുറമുഖത്ത് സഖ്യസേന ശക്തമായ ആക്രമണം നടത്തിയിരുന്നു.



