മദീന- മദീനക്കും ബദ്റിനും ഇടയില്‍ ബദ്റിനു സമീപം താഴ്വരയില് ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ വൃദ്ധ ദമ്പതികളെ സൗദി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ഹെല്‍മെറ്റ് ധരിച്ചും മറ്റു സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചും ഹൈവേയോട് ചേര്‍ന്നുള്ള താഴ്വരയുടെ ചെങ്കുത്തായ കോണ്‍ക്രീറ്റ് സൈഡ് ഭിത്തിയിലൂടെ തൂങ്ങിയിറങ്ങിയാണ് സ്വാദിഖ് മിര്‍ഗലാനി എന്ന യുവാവ് മറ്റുള്ളവരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ താഴ്വരയില് കാര്‍ ഒഴുക്കില്‍ പെട്ടത് ശ്രദ്ധയില്‍ പെട്ടാണ് സ്വാദിഖ് മിര്‍ഗലാനി അടക്കമുള്ളവര്‍ തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്.



