ദുബായ്- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അബൂദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിമാന സർവ്വീസുകളിൽ തടസ്സം തുടരുന്നു. ബഹ്‌റൈനിലേക്കും കുവൈറ്റിലേക്കുമുള്ള ഇത്തിഹാദ് സർവ്വീസ് നടത്തിയെങ്കിലും അബൂദാബിയിൽ നിന്ന് മറ്റിടങ്ങളിലേക്കുള്ള നിരവധി സർവ്വീസുകൾ തടസ്സപ്പെട്ടു. എയർ അറേബ്യ കുവൈറ്റിലേക്കും ബഹ്‌റൈനിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കി
ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തോവ അഗ്‌നിപർവ്വത സ്‌ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ പുകപടലങ്ങൾ നിറഞ്ഞതിനാൽ ദുബായിൽ നിന്ന് ഇന്തോനേഷ്യയിലേക്കുള്ള സർവ്വീസുകളെല്ലാം തടസ്സപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതയിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും സർവ്വീസുകൾ വൈകാനോ റദ്ദാക്കാനോ ഇടയാക്കുന്നുണ്ട്. സുരക്ഷ മുൻനിർത്തി ദുബായിലേക്കുള്ള എയർ ഫ്രാൻസ് സർവ്വീസ് സെപ്റ്റംബർ 10 വരെ നിർത്തിവെച്ചിട്ടുണ്ട്.
അബൂദാബിയിൽ നിന്ന് ഇത്തിഹാദിന്റെ കൊച്ചി, ചെന്നൈ, മുംബൈ, ബെംഗളൂരു, ഡൽഹി, അഹമ്മദാബാദ്, കറാച്ചി, ആംസ്റ്റർഡാം, മാഞ്ചസ്റ്റർ, ഇസ്‌ലാമാബാദ്, ബോസ്റ്റൺ, റിയാദ്, ബാങ്കോക്ക് വിമാന സർവ്വീസുകൾ വൈകി. ജക്കാർത്തയിലേക്കുള്ള സർവ്വീസ് റദ്ദാക്കി.
ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് എയർലൈൻസിന്റെ കൊൽക്കത്ത, ന്യൂകാസിൽ, മോണ്ട്രിയൽ, പെർത്ത് സർവ്വീസുകളാണ് വൈകിയത്. ജക്കാർത്ത- ദുബായ്, ദുബായ്- ജക്കാർത്ത വിമാനങ്ങൾ റദ്ദാക്കി.
എയർ അറേബ്യ അബൂദാബിയുടെ കെയ്‌റോ, കോഴിക്കോട്, ചെന്നൈ, കൊച്ചി, അഹമ്മദാബാദ്, സിയാൽകോട്ട്, മുൾട്ടാൻ, ബഹ്‌റൈൻ, തിബിലിസ്, അൽമാറ്റി സർവീസുകളും വൈകി.
ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് എസ്.ജി 5014, മോസ്‌കോയിലേക്കുള്ള ഫ്‌ലൈ ദുബൈ എഫ് ഇസഡ് 8563, ന്യൂഡൽഹിയിലേക്കുള്ള സ്‌പൈസ് ജെറ്റിന്റെ എസ്.ജി 5016, മുംബൈയിലേക്കുള്ള എസ്.ജി 5023 സർവീസുകളും വൈകി.







