ദുബായ്: യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് വ്യാജ ഏജൻറുമാരുടെ തട്ടിപ്പുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ്, വിസ ക്രമവത്കരണം, എമിറേറ്റ്സ് ഐഡി, ജോലി വാഗ്ദാനം എന്നിവയുടെ പേരിൽ പ്രവാസികൾക്കിടയിൽ വ്യാപകമായി സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.
ബ്ലൂ കോളർ തൊഴിലാളികളാണ് ഇത്തരം തട്ടിപ്പുകളിൽ കൂടുതലായി ഇരയാകുന്നത്. സഹായം വാഗ്ദാനം ചെയ്ത് സമീപിക്കുന്ന തട്ടിപ്പുകാർ ഇരകളുടെ മുഖവും വിരലടയാളവും അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ സ്കാൻ ചെയ്തെടുത്ത ശേഷം, അവർ അറിയാതെ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് വായ്പകളും ക്രെഡിറ്റ് കാർഡുകളും തരപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കാരണം പ്രവാസികൾക്ക് വലിയ പിഴയും യാത്രാവിലക്കും ചിലപ്പോൾ ജയിൽ ശിക്ഷ വരെ നേരിടേണ്ടി വരുന്ന സാഹചര്യമുള്ളതിനാൽ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി, ബയോമെട്രിക് വിവരങ്ങൾ എന്നിവ അംഗീകാരമില്ലാത്ത വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇ സർക്കാരിൻറെ ഔദ്യോഗിക കേന്ദ്രങ്ങളിൽ അല്ലാതെ മൂന്നാം കക്ഷി സേവനദാതാക്കൾക്ക് ഇത്തരം വിവരങ്ങൾ നൽകരുതെന്നും ഇന്ത്യൻ കോൺസുലേറ്റോ എംബസിയോ യാതൊരു കാരണവശാലും അപേക്ഷകരിൽ നിന്ന് വിരലടയാളമോ മുഖം/കണ്ണ് സ്കാനിങ്ങോ ആവശ്യപ്പെടാറില്ലെന്നും കോൺസുലേറ്റ് അറിയിച്ചു.
സംശയകരമായ സാഹചര്യങ്ങളിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിൻറെ ടോൾ ഫ്രീ നമ്പറിലോ (80046342) വാട്സാപ്പ് വഴിയോ (00971543090571) ബന്ധപ്പെടാവുന്നതാണ്.
