ജിദ്ദ– ആരോഗ്യപ്രശ്നങ്ങളും നിയമക്കുരുക്കുകളും കാരണം പ്രതിസന്ധിയിലായിരുന്ന തിരുവനന്തപുരം മംഗലപുരം സ്വദേശിനി ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ സാമൂഹിക ജീവകാരുണ്യ സംഘടനയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) നടത്തിയ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് തുടർചികിത്സയ്ക്കായി ഇവർ ഇന്ന് യാത്ര തിരിച്ചത്.
ശ്രീ. ഹാജ തിരുവനന്തപുരം വഴിയാണ് ബിന്ദുവിന്റെ ദുരവസ്ഥ ടി.എസ്.എസ് പ്രവർത്തകർ അറിയുന്നത്. ഗുരുതരമായ രോഗാവസ്ഥയിലായിരുന്ന ഇവരുടെ മടക്കയാത്രയ്ക്ക് നിയമപരമായ വലിയ തടസ്സങ്ങളുണ്ടായിരുന്നു. എന്നാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ലേബർ, ജവാസാത്ത് രേഖകൾ വേഗത്തിൽ ശരിയാക്കിയതോടെ എക്സിറ്റ് നടപടികൾ വേഗത്തിലായി.


വിശുദ്ധ റംസാൻ മാസത്തിൽ നടന്ന ഈ കാരുണ്യദൗത്യത്തിൽ പങ്കാളികളായ വ്യക്തികൾക്കും സാമ്പത്തിക സഹായം ചെയ്തവർക്കും ഡോക്ടർമാർക്കും ടി.എസ്.എസ് പ്രസിഡന്റ് തരുൺ രത്‌നാകരൻ നന്ദി രേഖപ്പെടുത്തി. ശരീഫ് പള്ളിപ്പുറം, മൗഷമി ശരീഫ്, ഷബീർ സുബൈറുദീൻ, ഷാഹിൻ ഷാജഹാൻ , ഡോ. ഫയാസ് ഖാൻ, ഡോ. മുഹമ്മദ് അസ്‌ലം (ഹസ്സൻ ഗസാവി) ഡോ, ഫാറൂഖ് (ബദർ അൽ തമാമം) ഡോ. ഷബ്‌ന (സൗദി കേരള ഫർമസിസ്റ് ഫോറം) എന്നിവരും ടി.എസ്.എസ് എക്സിക്യൂട്ടീവ് അംഗങ്ങളും ദൗത്യത്തിന് നേതൃത്വം നൽകി. ഒ.ഐ.സി.സി ഹെൽപ്പ് ഡെസ്കിന്റെയും വനിതാ വേദിയുടെയും സഹകരണം ബിന്ദുവിന് ചികിത്സാസഹായം ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.



