മക്ക- ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ വിദേശത്തു നിന്നെത്തിയ തീർഥാടകർക്കായി 1,21,626 ആരോഗ്യ സേവനങ്ങൾ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് ഒന്ന് വരെയുള്ള കണക്കാണിത്. സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം, പിൽഗ്രിംസ് സർവീസ് പ്രോഗ്രാം എന്നിവയുടെ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പ്രവർത്തനങ്ങൾ. ഹാജിമാർക്ക് ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലും സുഗമമായും നിർവഹിക്കാൻ ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക, മെഡിക്കൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും അടിയന്തര പരിചരണ വിഭാഗങ്ങളിൽ നിന്നുമായി 27,019 ഹാജിമാർക്ക് ഈ കാലയളവിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 14,610 തീർഥാടകർക്ക് എമർജൻസി വിഭാഗങ്ങളിലൂടെയാണ് പരിചരണം നൽകിയത്. കൂടാതെ ഒ.പി വിഭാഗങ്ങളിൽ (ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ) 1,711 പേർ ചികിത്സ തേടിയെത്തിയപ്പോൾ 2,150 തീർഥാടകരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കടുത്ത ചൂട് കാരണം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട പത്ത് തീർഥാടകർക്ക് മെഡിക്കൽ സംഘം ഉടനടി കൃത്യമായ ചികിത്സ നൽകി സുഖപ്പെടുത്തുകയും ചെയ്തു.
ആതുരസേവന രംഗത്ത് അത്യാധുനിക ശസ്ത്രക്രിയകളും ഇക്കാലയളവിൽ വിജയകരമായി പൂർത്തിയാക്കാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. ആകെ നടന്ന 138 ശസ്ത്രക്രിയകളിൽ 87 എണ്ണം ഹൃദയസംബന്ധമായ കാർഡിയാക് കത്തീറ്ററൈസേഷനുകളും (ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ളവ) ഏഴെണ്ണം ഓപ്പൺ ഹാർട്ട് സർജറികളുമായിരുന്നു. ചികിത്സാ സഹായങ്ങൾക്കും ആരോഗ്യപരമായ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനുമായി ആരോഗ്യ മന്ത്രാലയം ഒരുക്കിയ 937 എന്ന ഏകീകൃത കോൾ സെന്ററിലേക്ക് ഒരു മാസത്തിനിടെ 11,575-ൽ അധികം കോളുകൾ വന്നതായും മന്ത്രാലയം വ്യക്തമാക്കുന്നു.



