റിയാദ്: 27 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം വസിക്കുന്ന സൗദി അറേബ്യയിൽ, പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യൻ മിഷന് മലയാളി സമൂഹം നൽകിവരുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് റിയാദ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (DCM) അബു മാത്തൻ ജോർജ്ജ് പറഞ്ഞു. സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന അദ്ദേഹത്തിന് റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ. ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്താൻ എൻ.ആർ.കെ. ഫോറത്തിന് സാധിക്കുന്നത് പ്രവാസി സമൂഹത്തിന്റെ മാതൃകാപരമായ ഐക്യത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.ആർ.കെ. ഫോറം ചെയർമാൻ സി.പി. മുസ്തഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതം ആശംസിച്ചു. ഭാരവാഹികളായ അബ്ദുൽ അസീസ് വെങ്കിട്ട, അലി ആലുവ എന്നിവർ ചേർന്ന് ഡി.സി.എമ്മിനെയും, ജലീൽ തിരൂർ എംബസി കമ്മ്യൂണിറ്റി വെൽഫെയർ കോൺസുലർ വൈ. സാബിറിനെയും വേദിയിലേക്ക് സ്വീകരിച്ചു.
എൻ.ആർ.കെ. ഫോറം രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി. വെൽഫെയർ കോൺസുലർ വൈ. സാബിർ, സലീം കളക്കര, സൈഗം ഖാൻ, മുഹമ്മദ് സക്കിയുദ്ദീൻ, റഹ്മാൻ മുനമ്പത്ത്, ഇബ്രാഹിം സുബ്ഹാൻ, ക്ലീറ്റസ് കുന്നുകുഴി, അഡ്വ. അബ്ദുൽ ജലീൽ, കുമ്മിൽ സുധീർ, നാസർ കാരകുന്ന്, പത്മിനി ടീച്ചർ, റഹ്മത്ത് അഷ്‌റഫ്, ഷഹീബ വി.കെ., ബിജു മുല്ലശ്ശേരി, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പ്രമുഖ വ്യക്തികളും ചേർന്ന് അബു മാത്തൻ ജോർജ്ജിന് പൊന്നാട അണിയിച്ചും മെമന്റോകൾ നൽകിയും ആദരിച്ചു. എൻ.ആർ.കെ. ഫോറത്തിന് വേണ്ടി സുരേന്ദ്രൻ കൂട്ടായി പൊന്നാടയും, സി.പി. മുസ്തഫ മെമന്റോയും സമ്മാനിച്ചു.
ഡോ. മീരാ മഹേഷ് ചടങ്ങിന്റെ അവതാരകയായിരുന്നു. ബാലുക്കുട്ടൻ, മുജീബ് ഉപ്പട, നസീർ മുള്ളൂർക്കര എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. എൻ.ആർ.കെ. ഫോറം വൈസ് ചെയർമാൻ ഷുഹൈബ് പനങ്ങാങ്ങര നന്ദി രേഖപ്പെടുത്തി.







