റിയാദ്- പ്രമുഖ ഡെന്മാർക്ക് കമ്പനിയായ ‘ആർല’യുടെ (Arla) പ്രോട്ടീൻ പുഡ്ഡിംഗ് (Arla Protein Pudding) ഉൽപ്പന്നങ്ങളിൽ ചെറിയ ചില്ലുകഷ്ണങ്ങൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന്, ഇവ വിപണിയിൽ നിന്ന് മുൻകരുതലായി തിരികെ വിളിക്കുന്നതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. ഉൽപ്പന്നം വാങ്ങി കൈവശം വെച്ചിട്ടുള്ളവർ ഇതിന്റെ ഉപയോഗം ഉടനടി നിർത്തലാക്കണമെന്നും കളയണമെന്നും അധികൃതർ കർശന നിർദേശം നൽകി.
ആർല പ്രോട്ടീൻ പുഡ്ഡിംഗ് (6 x 200 ഗ്രാം) ചോക്ലേറ്റ് (Chocolate), ഹേസൽനട്ട് ലാറ്റെ (Hazelnut Latte) സാൾട്ടഡ് കാരാമൽ (Salted Caramel) ക്രീം ബ്രൂലേ (Crème Brûlée) എന്നിവയാണ് പിൻവലിച്ചത്.
ലോകമെമ്പാടുമുള്ള തങ്ങളുടെ ചില ഉൽപ്പന്നങ്ങളിൽ ചില്ലുകഷ്ണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി സ്വമേധയാ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഉപഭോക്താക്കൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതിന് മുൻപ് തന്നെ, കമ്പനിയുമായി ആലോചിച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവ വിപണിയിൽ നിന്ന് പിൻവലിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഉൽപ്പന്നങ്ങൾ ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് എസ്എഫ്ഡിഎ ഉറപ്പുവരുത്തുമെന്നും അറിയിച്ചു.
ഈ ഉൽപ്പന്നങ്ങൾ അബദ്ധത്തിൽ കഴിക്കുകയാണെങ്കിൽ തൊണ്ടവേദന, വയറുവേദന, മനംമറച്ചിൽ (ഓക്കാനം), ഛർദ്ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.



