മസ്‌കത്ത് – കഴിഞ്ഞ ബുധനാഴ്ച ദുബായില്‍ നിന്ന് തെല്‍അവീവിലേക്കുള്ള യാത്രാമധ്യേ ഫ്ളൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് ഹമ്മാം അല്‍ഹമ്മാമിയെ തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് കാരണം വിമാനം പറത്തുന്നതില്‍ നിന്ന് ഒമാന്‍ വിലക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നതായി ഒമാന്‍ അധികൃതര്‍ മനസ്സിലാക്കിയതിനാലാണ് ഒമാന്‍ എയര്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഹമ്മാം അല്‍ഹമ്മാമിയെ വിലക്കിയതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
ഹമ്മാം അല്‍ഹമ്മാമിയുടെ മാതാവ് സിറിയക്കാരിയാണ്. ഇയാള്‍ ദീര്‍ഘകാലം സിറിയയില്‍ കഴിഞ്ഞിരുന്നു. ഇവിടെ വെച്ച് റാഡിക്കല്‍ ഗ്രൂപ്പുകളുടെ ആശയങ്ങള്‍ ഹമാം അല്‍ഹമാമിയെ സ്വാധീനിച്ചെന്നാണ് സംശയിക്കുന്നത്. വിമാനം പറത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടതിനെ തുടര്‍ന്ന് ഹമ്മാം അല്‍ഹമ്മാം ഒമാന്‍ വിട്ട് ഫ്‌ളൈ ദുബായ് കമ്പനിയുടെ മാതൃകമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു.
ഹമ്മാം അല്‍ഹമ്മാമി എന്ന ഒമാനി പൗരനാണ് കോ-പൈലറ്റ് എന്ന് ഇന്റലിജന്‍സും സുരക്ഷാ വൃത്തങ്ങളും വെളിപ്പെടുത്തി. ഹമ്മാം അല്‍ഹമ്മാമി 2024 ല്‍ ഒമാന്‍ എയറില്‍ കോ-പൈലറ്റായി ട്രെയിനിയായി ജോലി ചെയ്തിരുന്നെന്ന് എബിസി ന്യൂസിനോട് സംസാരിച്ച ഇന്റലിജന്‍സ്, ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സുരക്ഷാ അപകടസാധ്യത എന്ന് തരംതിരിച്ചതിന് ശേഷം ഇയാളെ കമ്പനി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഹമ്മാം അല്‍ഹമ്മാമി തന്റെ കൂടുതല്‍ കാലവും ഒമാനിന് പുറത്ത്, പ്രത്യേകിച്ച് സിറിയയില്‍ ചെലവഴിച്ചതായും അവിടെയുള്ള സമയത്ത് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതായും ഉറവിടങ്ങള്‍ വെളിപ്പെടുത്തി.
ഒമാന്‍ എയറില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന കാലത്ത്, തീവ്രവാദ സാമഗ്രികള്‍ ഇയാളുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് കോക്ക്പിറ്റ് ജോലിയില്‍ തുടരുന്നതില്‍ നിന്ന് ഹമ്മാം അല്‍ഹമ്മാമിയെ തടഞ്ഞു. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ കമ്പനിയില്‍ ജോലിയില്‍ തുടരാന്‍ അനുവദിച്ചു.
തെല്‍അവീവിലേക്ക് പോകുന്ന വിമാനത്തില്‍ കോ-പൈലറ്റായി ജോലി ചെയ്യുന്നതിലേക്ക് നയിച്ച നിലക്ക്, ഹമ്മാം അല്‍ഹമ്മാം പിന്നീട് ഫ്‌ളൈ ദുബായില്‍ ചേര്‍ന്നത് എങ്ങിനെയാണ് എന്നതിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ ഇപ്പോള്‍ കേന്ദ്രീകരിക്കുന്നത്.
പ്രതിയെ വ്യാഴാഴ്ച സൗദി അറേബ്യയില്‍ നിന്ന് യു.എ.ഇയിലേക്ക് മാറ്റി. അവിടെ അദ്ദേഹം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അധികാരികളുമായി സഹകരിക്കുന്നു. ആക്രമണത്തിന്റെ ഉദ്ദേശ്യവും പ്രേരണയും സംബന്ധിച്ച ചില സൂചനകള്‍ പ്രതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ അന്തിമ ഫലങ്ങള്‍ അധികൃതര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കോക്ക്പിറ്റില്‍ വെച്ച് വിമാനത്തിന്റെ പൈലറ്റ് സ്മിത് മച്ചാറിനെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് വിമാനം തകര്‍ക്കാനായിരുന്നു കോ-പൈലറ്റിന്റെ ശ്രമം. പരിക്കേറ്റ് നിലത്ത് കിടക്കുന്നതിനിടെ കോ-പൈലറ്റിനെ ചെറുത്ത് സ്മിത് മച്ചാര്‍ കോക്ക്പിറ്റ് ഡോര്‍ തുറന്ന് മറ്റു വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയായിരുന്നു. ഈ സമയം വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഇടപെട്ട് കോ-പൈലറ്റിനെ കീഴടക്കുകയും പൈലറ്റിന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയും വിമാനം പിന്നീട് സൗദിയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കുകയുമായിരുന്നു.
സംഘര്‍ഷ സമയത്ത് വിമാനത്തിന്റെ മുന്‍വശത്തേക്ക് കുതിച്ചവരില്‍ ഒരാളായ ഡോ. ഷോട്ട മുസയേവ്, പ്രതിയെ കീഴടക്കിയതിന് ശേഷമുള്ള നിമിഷങ്ങളുടെ വിശദാംശങ്ങള്‍വെളിപ്പെടുത്തി. കോക്ക്പിറ്റിന് പുറത്ത് നിലത്ത് കെട്ടിയിട്ട നിലയിലായിരുന്നു ആ മനുഷ്യന്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നിരുന്നതെന്നും താന്‍ ഒമാനില്‍ നിന്നുള്ളയാളാണെന്ന് പറഞ്ഞതായും മുസയേവ് എ.ബി.സി ന്യൂസിനോട് പറഞ്ഞു. ദയവായി എന്നെ കൊല്ലൂ എന്ന് കോ-പൈലറ്റ് ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടതായും ഡോ. ഷോട്ട മുസയേവ് കൂട്ടിച്ചേര്‍ത്തു.
ഫ്ളൈ ദുബായ് വിമാന സംഭവത്തില്‍ ഏതെങ്കിലും രാജ്യത്തിന് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍, ആ രാജ്യം വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തം സൂചിപ്പിക്കുന്ന തെളിവുകള്‍ നെതന്യാഹു നല്‍കിയില്ല. കാലക്രമേണ, ചിത്രം കൂടുതല്‍ വ്യക്തമാകും. ആക്രമണകാരി തീവ്രവാദത്തിന്റെ പാതയിലൂടെ കടന്നുപോയി, എല്ലാ യാത്രക്കാരുമായി വിമാനം നശിപ്പിക്കാന്‍ വന്നു. കോ-പൈലറ്റിനെ ആരെങ്കിലും അയച്ചതാണോ എന്ന് ഞങ്ങള്‍ അന്വേഷിക്കുന്നു. ആരാണ് അയച്ചത് എങ്കില്‍ അവര്‍ വളരെ വലിയ വില നല്‍കേണ്ടിവരും – നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ഏത് രാജ്യത്തിന് പങ്കുണ്ടാകാനാണ് സാധ്യതയെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി ഇറാനെ കുറ്റപ്പെടുത്തുന്ന വിരല്‍ ചൂണ്ടാന്‍ അദ്ദേഹം തിടുക്കം കൂട്ടുന്നു.
സംഭവത്തില്‍ ഇറാന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും അതിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് വളരെ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും, സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.







