ഹൂസ്റ്റൺ: നാല് തവണ ലോക ചാമ്പ്യന്മാരായ ജർമ്മനി, കരീബിയൻ ദ്വീപ് സമൂഹത്തിൽ നിന്നുള്ള കുഞ്ഞൻ രാജ്യമായ കുറസാവോയെ ഗോൾ മഴയിൽ മുക്കി. തുടക്കത്തിൽ കുറസോവ അട്ടിമറി ഭീഷണി ഉയർത്തിയെങ്കിലും ജർമ്മനിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ അവർക്ക് അടിപതറി.
കളിയുടെ ആദ്യ പകുതിയിൽ ഫെലിക്സ് നമേച്ചയിലൂടെ ജർമ്മനിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ അധികം വൈകാതെ ലിവാനോ കോമനെൻസിയയിലൂടെ കുറക്കാവോ സമനില ഗോൾ മടക്കിയപ്പോൾ സ്റ്റേഡിയത്തിലുണ്ടായിരുന്ന ‘ദി ബ്ലൂ വേവ്’ ആരാധകർ ആവേശത്തിലാണ്ടു. ഫിഫ റാങ്കിംഗിൽ 82-ാം സ്ഥാനത്തുള്ള, വെറും ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള കുറസാവോയുടെ ഈ ഗോൾ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറി പ്രതീക്ഷകൾക്ക് വഴിതുറന്ന നിമിഷമായിരുന്നു.
എന്നാൽ മത്സരത്തിനിടയിലെ ‘ഹൈഡ്രേഷൻ ബ്രേക്കിന്’ ശേഷം കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ജർമ്മനി ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ 3-1 ന് മുന്നിലെത്തി. നികോ ഷ്ലോട്ടർബെക്കിന്റെ ഹെഡ്ഡറും കൈ ഹാവെർട്സ് നേടിയ പെനാൽറ്റിയുമാണ് ജർമ്മനിക്ക് ലീഡ് സമ്മാനിച്ചത്.
രണ്ടാം പകുതിയിൽ ജർമ്മനിയുടെ ആക്രമണ നിര കുറസാവോയുടെ പ്രതിരോധം പൂർണ്ണമായും തകർത്തു. ജമാൽ മുസിയാല, നതാനിയേൽ ബ്രൗൺ, ഡെനിസ് ഉണ്ടാവ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കൈ ഹാവെർട്സ് മത്സരത്തിലെ തന്റെ രണ്ടാം ഗോളും തികച്ചു. ഇതോടെ 7-1 ന്റെ കൂറ്റൻ വിജയത്തോടെ ജർമ്മനി ഗ്രൂപ്പ് ഇ-യിൽ വ്യക്തമായ മുൻതൂക്കം നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഐവറി കോസ്റ്റും ഇക്വഡോറും നേർക്കുനേർ വരുന്നുണ്ട്.
പ്രതിരോധത്തിലെ പാളിച്ചകൾ ജർമ്മനിക്ക് തലവേദനയായേക്കും?
ആധികാരിക ജയം നേടിയെങ്കിലും ജർമ്മനിക്ക് ഈ ലോകകപ്പിൽ കിരീടം നേടാനാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഈ മത്സരത്തിന് സാധിച്ചിട്ടില്ല. ജൂലിയൻ നാഗൽസ്മാന്റെ തന്ത്രങ്ങൾക്ക് കീഴിൽ അതിസമർത്ഥരായ പ്ലേമേക്കർമാർ മുന്നേറ്റനിരയിൽ തിളങ്ങുന്നുണ്ടെങ്കിലും, പ്രതിരോധത്തിലെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് കളി വ്യക്തമാക്കുന്നു.
മുൻ ജർമ്മൻ താരം ഫിലിപ്പ് ലാം ചൂണ്ടിക്കാണിച്ചതുപോലെ, പന്തില്ലാത്തപ്പോൾ കൂടുതൽ ഒതുക്കത്തോടെ കളിക്കാനും കൗണ്ടർ അറ്റാക്കുകളെ പ്രതിരോധിക്കാനും ജർമ്മനി ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കുറസാവോയെപ്പോലൊരു ചെറിയ ടീം പോലും കൗണ്ടർ അറ്റാക്കുകളിലൂടെ ജർമ്മൻ പ്രതിരോധത്തെ പലതവണ പരീക്ഷിച്ചു. മികച്ച ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഈ പ്രതിരോധ പിഴവ് ജർമ്മനിക്ക് വലിയ തിരിച്ചടിയായേക്കാം.
എങ്കിലും മുന്നേറ്റനിരയിൽ ഫ്ലോറിയൻ വിർട്സ്, മുസിയാല, ഹാവെർട്സ് സഖ്യത്തിന്റെ പ്രകടനവും നമേച്ചയുടെ മുന്നേറ്റങ്ങളും ജർമ്മനിക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വരും മത്സരങ്ങളിൽ പ്രതിരോധം കൂടുതൽ ശക്തമാക്കിയാൽ മാത്രമേ ജർമ്മനിക്ക് ടൂർണമെന്റിൽ മുന്നോട്ട് പോകാനാകൂ.



