ജിദ്ദ– ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം. സ്പാനിഷ് സൂപ്പർ കപ്പിന്റെ കാലാശ പോരാട്ടത്തിനായി ഇന്ത്യൻ സമയം രാത്രി 12:30ന് ( സൗദി – 10:00 PM) കിങ് അബ്ദുല്ല സ്‌പോർട് സിറ്റി സ്റ്റേഡിയത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ബാർസലോണയും റയൽ മാഡ്രിഡും ഇറങ്ങുന്നത്. പരിക്ക് പറ്റിയതിനെ തുടർന്ന് തുടക്കത്തിൽ ടീമിനോപ്പം ചേരാതിരുന്ന സൂപ്പർ താരം കിലിയൻ എംബാപ്പെ ഇന്ന് ഇറങ്ങും എന്നതും മത്സരത്തിന് ആവേശം കൂട്ടും. കഴിഞ്ഞ ദിവസം താരം ടീമിനൊപ്പം ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.
അത്‌ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് ഫൈനലിലേക്ക് ഒരുങ്ങുന്നത്. തുടർച്ചയായി അഞ്ച് മത്സരങ്ങൾ ജയിച്ചുവരുന്ന മാഡ്രിഡിന് റോഡ്രിഗോയുടെയും ഗോൾ കീപ്പർ തിബൗട്ട് കോർട്ടോയിസിന്റെയും മികച്ച ഫോം വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൂടെ എംബാപ്പെ കൂടി ചേരുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും കഴിഞ്ഞ 19 മത്സരങ്ങളിൽ ഗോൾ ചെയ്യാൻ സാധിക്കാതെ വലയുന്ന വിനീഷ്യസ് ജൂനിയറിന്റെ മോശ പ്രകടനം തിരിച്ചടിയാണ്. പ്രതിരോധത്തിലെ വിള്ളലുകളും തിരിച്ചടിയാകുന്നുണ്ട്.
മറുഭാഗത്ത് ബാർസലോണ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് അത്‌ലറ്റിക് ബിൽബാവോയെ തകർത്താണ് ബദ്ധവൈദികളായ മാഡ്രിഡിനെതിരെ ഒരുങ്ങുന്നത്. തുടർച്ചയായി 9 മത്സരങ്ങളിൽ വിജയിച്ച കാറ്റിലോണിയൺ ക്ലബ് അവസാന അഞ്ചു മത്സരത്തിൽ ക്ലീൻ ഷീറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. റാഫിൻഹ, ലാമിൻ യാമൽ, ഫെർമിൻ ലോപസ്, പെഡ്രി, ഒൽമോ, ഫെറാൻ ടോറസ്, റൂണി ബ്രാഗ്ജി തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. കൂടെ ഗോൾകീപ്പർ ജോവൻ ഗാർഷ്യയുടെ ഫോമും മാഡ്രിഡ് മുന്നേറ്റത്തിന് തലവേദന സൃഷ്ടിക്കും.
കഴിഞ്ഞ സീസൺ ഇതേ കപ്പിന്റെ കലാശ പോരാട്ടത്തിൽ അടക്കം നാല് തവണ ഇവർ ഏറ്റുമുട്ടിയപ്പോൾ വിജയങ്ങളെല്ലാം സ്വന്തമാക്കിയത് ഫ്ലിക്കിന്റെ കീഴിലുള്ള കാറ്റിലോണിയൻ ക്ലബ്ബാണ്. എന്നാൽ ഈ സീസണിലെ ലാലിഗയിൽ ഇവർ ഏറ്റുമുട്ടിയപ്പോൾ വിജയം റയലിന്റെ കൂടെയായിരുന്നു.



