മലയാളിയെ ചിരിപ്പിച്ചു ചിരിപ്പിച്ചാണ് സലീം കുമാർ വിടവാങ്ങുന്നത്. ചിരിയുടെ ഇടവേളയിലെല്ലാം സലീം കുമാർ മലയാളിയെ ചിന്തിപ്പിച്ചു. നിലപാടുകളിൽ ഒരിക്കൽ പോലും സലീം കുമാർ പിറകോട് പോയതേയില്ല. രാഷ്ട്രീയ നിലപാടുകളിൽ അടക്കം സലീം കുമാർ തന്റെ ബോധ്യങ്ങളിൽനിന്ന് പിറകോട്ട് പോയില്ല. മിമിക്രി വേദികളിൽ നിന്ന് തുടങ്ങി ഇന്ത്യൻ സിനിമയുടെ പരമോന്നത പുരസ്കാരം വരെ എത്തിയ സലീം കുമാറിന്റെ ജീവിതം കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും വലിയൊരു കഥയാണ്.
1969 ഒക്ടോബർ 9-ന് എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് സലിം കുമാർ ജനിച്ചത്. ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായിരുന്നു അദ്ദേഹം. യുക്തിവാദിയും സാമൂഹിക പരിഷ്കർത്താവുമായ സഹോദരൻ അയ്യപ്പന്റെ കടുത്ത അനുഭാവിയായിരുന്നു പിതാവ് ഗംഗാധരൻ. ആ ചിന്താഗതിയാണ് മകന് ‘സലിം കുമാർ’ എന്ന വ്യത്യസ്തമായ പേരിടാൻ അദ്ദേഹത്തിന് പ്രചോദനമായത്.
വടക്കൻ പറവൂരിലെ ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മാല്യങ്കര എസ്.എൻ.എം കോളേജിൽ നിന്ന് പ്രീഡിഗ്രിയും, എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദവും നേടി. കലയോടുള്ള അഭിനിവേശം കോളേജ് കാലത്തുതന്നെ പ്രകടമായിരുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ തുടർച്ചയായി മൂന്നു തവണ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടി അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.
കൊച്ചിൻ കലാഭവനിലൂടെയാണ് സലിം കുമാർ മിമിക്രി രംഗത്ത് സജീവമാകുന്നത്. പിന്നീട് ‘കൊച്ചിൻ സാഗർ’ എന്ന ഗ്രൂപ്പിലും ഏഷ്യാനെറ്റിലെ ‘കോമിക്കോള’ എന്ന പരിപാടിയിലും അദ്ദേഹം സജീവ സാന്നിധ്യമായി. തുടർന്ന് കൊച്ചിൻ ആരതി തിയേറ്റേഴ്സിന്റെ നാടകങ്ങളിൽ നാല് വർഷത്തോളം അഭിനയിച്ചു.
സിദ്ധിക്ക് ഷമീർ സംവിധാനം ചെയ്ത ‘ഇഷ്ടമാണ് നൂറുവട്ടം’ ആയിരുന്നു ആദ്യ സിനിമ. എന്നാൽ സിനിമാജീവിതത്തിന്റെ തുടക്കം അത്ര എളുപ്പമായിരുന്നില്ല. സിബി മലയിൽ സംവിധാനം ചെയ്ത്, പ്രേം പ്രകാശ് നിർമ്മിച്ച ‘നീ വരുവോളം’ എന്ന ചിത്രത്തിൽ കലാഭവൻ മണിക്ക് പകരക്കാരനായി സലിം കുമാറിനെ വിളിച്ചിരുന്നു. 11 സീനുകളിൽ 9 എണ്ണവും ചിത്രീകരിച്ചു. എന്നാൽ ജഗതി ശ്രീകുമാറും തിലകനും ഒന്നിച്ചുള്ള ഒരു സീനിൽ, അവരുടെ ടൈമിംഗിലേക്ക് ഉയരാൻ സാധിക്കാത്തതിനാൽ സലിം കുമാറിനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കി.
കയ്യിൽ പണമില്ലാതെ, വണ്ടിക്കൂലിക്കുള്ള 20 രൂപ റെയിൽവേ സ്റ്റേഷനിൽ കണ്ട ഒരു അപരിചിതനോട് കടം വാങ്ങിയാണ് അന്ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പിന്നീട് ആ വേഷം ചെയ്തത് ഇന്ദ്രൻസ് ആയിരുന്നു. എന്നാൽ ഈ പ്രതിസന്ധികളൊന്നും അദ്ദേഹത്തിലെ കലാകാരനെ തളർത്തിയില്ല.
ചിരിയുടെ സുവർണ്ണകാലം: ട്രോളന്മാരുടെ സ്വന്തം ‘ആശാൻ’
2000-ൽ വിജി തമ്പി സംവിധാനം ചെയ്ത ‘സത്യമേവ ജയതേ’ എന്ന ചിത്രത്തിലെ കള്ളന്റെ വേഷം സലിം കുമാറിന്റെ കരിയറിൽ വഴിത്തിരിവായി. ഇത് കണ്ട് ഇഷ്ടപ്പെട്ടാണ് റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് അദ്ദേഹത്തെ ‘തെങ്കാശിപ്പട്ടണം’ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. ആ ചിത്രം സൂപ്പർഹിറ്റായതോടെ സലിം കുമാറിന് കൈനിറയെ ചിത്രങ്ങളായി.
പിന്നീട് ദിലീപ് – ഹരിശ്രീ അശോകൻ – സലിം കുമാർ കൂട്ടുകെട്ട് തിയേറ്ററുകളിൽ ചിരിപൂരം തീർത്തു. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒട്ടനവധി കഥാപാത്രങ്ങൾ ഈ കാലഘട്ടത്തിൽ ജനിച്ചു:
അഡ്വ. മുകുന്ദനുണ്ണി (മീശമാധവൻ), മണവാളൻ (പുലിവാൽ കല്യാണം), പ്യാരി (കല്യാണരാമൻ),
ഡാൻസ് മാസ്റ്റർ വിക്രം (ചതിക്കാത്ത ചന്തു), ഓമനക്കുട്ടൻ (തിളക്കം), ആശാൻ (മായാവി), അദാമിന്റെ മകൻ അബു തുടങ്ങിയ നിരവധി സിനിമകൾ എക്കാലവും ഓർമ്മിക്കപ്പെടും.
ട്രോളർമാരുടെ ജീവശ്വാസം
സോഷ്യൽ മീഡിയയിലെ ട്രോളന്മാരുടെ ജീവശ്വാസമാണ് സലിം കുമാറിന്റെ മുഖഭാവങ്ങളും സംഭാഷണങ്ങളും. “അഥവാ ബിരിയാണി കിട്ടിയാലോ”, “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ”, “ഇതൊക്കെ എന്ത്”, “അയാം ദി സോറി അളിയാ”, “സവാള ഗിരിഗിരി” തുടങ്ങിയ ഡയലോഗുകൾ മലയാളിയുടെ വാമൊഴിയായി മാറിക്കഴിഞ്ഞു.
ഭാവപ്പകർച്ച: അബുവിലൂടെ ദേശീയ പുരസ്കാരത്തിലേക്ക്
ഹാസ്യനടൻ എന്ന ലേബലിൽ മാത്രം ഒതുങ്ങിനിൽക്കുന്നവനല്ല താൻ എന്ന് സലിം കുമാർ വീണ്ടും വീണ്ടും തെളിയിച്ചു. 2004-ൽ കമലിന്റെ ‘പെരുമഴക്കാലം’ അതിനൊരു തുടക്കമായിരുന്നു. 2005-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ ‘സാമുവൽ’ എന്ന അച്ഛന്റെ വേഷം സലിം കുമാറിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ്. ചിത്രത്തിലെ അസാമാന്യ പ്രകടനത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.
2010-ൽ സലിം അഹമ്മദ് സംവിധാനം ചെയ്ത ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ സലിം കുമാർ ഇന്ത്യൻ സിനിമയുടെ നെറുകയിലെത്തി. മെക്കയിൽ പോകാൻ ആഗ്രഹിക്കുന്ന അബു എന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്റെ നിസ്സഹായാവസ്ഥയും ഭക്തിയും അദ്ദേഹം സ്ക്രീനിൽ ജീവിച്ചു കാണിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
ക്യാമറയ്ക്ക് പിന്നിലെ സംവിധായകൻ
അഭിനയത്തിന് പുറമെ സംവിധാന രംഗത്തും സലിം കുമാർ തന്റെ മുദ്ര പതിപ്പിച്ചു. മലബാറി ജൂതന്മാരുടെ ചരിത്രം പശ്ചാത്തലമാക്കി അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച ‘കറുത്ത ജൂതൻ’ (2017) ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2018-ൽ ജയറാമിനെ നായകനാക്കി ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്നത് അദ്ദേഹത്തിന്റെ ആത്മകഥയാണ്.
വ്യക്തിജീവിതവും അതിജീവനവും
അപാരമായ ഹ്യൂമർസെൻസുള്ള അമ്മ കൗസല്യയിൽ നിന്നാണ് തനിക്ക് ചിരിക്കാനുള്ള കഴിവ് കിട്ടിയതെന്ന് സലിം കുമാർ പറയാറുണ്ടായിരുന്നു. 1996 സെപ്റ്റംബർ 14-നായിരുന്നു സുനിതയുമായുള്ള പ്രണയവിവാഹം. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.
സിനിമയ്ക്ക് പുറമെ കാർഷിക രംഗത്തും സലിം കുമാർ സജീവമായിരുന്നു. ജീവിതത്തിൽ കടുത്ത ആരോഗ്യപ്രതിസന്ധികളെ നേരിടുമ്പോഴും പോരാടിക്കൊണ്ടേയിരിക്കുകയായിരുന്നു സലീം കുമാർ.



