ദുബൈ- ബലിപെരുന്നാള്‍ കഴിഞ്ഞ ഉടന്‍ വേനല്‍ക്കാല പരീക്ഷ വരുന്നതിനാല്‍ അവധി വിനോദയാത്ര സ്റ്റേക്കേഷന്‍ മാത്രമായി ചുരുക്കുന്നത് വര്‍ധിക്കുന്നു. നാല് ദിനങ്ങളിലെ ഈദുല്‍അദ്ഹ അവധി ദിനങ്ങള്‍ വിവിധ എമിറേറ്റ്‌സുകളിലെ ഹോട്ടലുകളിലും വിനോദ കേന്ദ്രങ്ങളിലും ചെലവഴിക്കാനാണ് യു.എ.ഇയിലെ കൂടുതല്‍ സ്വദേശികളും വിദേശികളും താത്പര്യപ്പെടുന്നത്.
സ്റ്റേക്കേഷന്‍ ബുക്കിംഗ് പോയവര്‍ഷത്തെക്കാള്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുവെന്ന് ഹോട്ടല്‍ രംഗത്തുള്ളവരെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷത്തെ ഈദ് സീസണില്‍ റിസോര്‍ട്ട് ബുക്കിംഗ് രീതികളില്‍ മാറ്റമുണ്ട്. മുന്‍ ഈദ് സീസണുകളെ അപേക്ഷിച്ച് രണ്ട് മുതല്‍ മൂന്ന് രാത്രി വരെയുള്ള ഷോര്‍ട്ട്-സ്റ്റേ ബുക്കിംഗുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അല്‍മര്‍ജാന്‍ ഐലന്‍ഡിലെ മൂവന്‍പിക്ക് റിസോര്‍ട്ട് ജനറല്‍ മാനേജര്‍ ഫാബിയന്‍ ചെസ്‌നൈസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം, റാസ് അല്‍ഖൈമയില്‍ ഈദ് സമയത്ത് 85 ശതമാനത്തിലധികം ബുക്കിംഗ് ആണ് രേഖപ്പെടുത്തിയതെങ്കില്‍ ഈ വര്‍ഷം പീക്ക് ദിവസങ്ങളില്‍ അത് 90 ശതമാനത്തിലധികം ആളുകള്‍ ഉണ്ടാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ട്രെന്‍ഡ് അതാണ് സൂചിപ്പിക്കുന്നതെന്നും ചെസ്‌നൈസ് വ്യക്തമാക്കി. അതിഥികളുടെ പ്രൊഫൈലുകളിലും മാറ്റം വരുന്നുണ്ട്. അത് കുറേക്കൂടി വിശാലമാവുകയാണ്. കൂടുതല്‍ യുവ ദമ്പതികളാണ് എത്തുന്നത്.
കൂടാതെ കുടുംബങ്ങള്‍ ഒരുമിച്ച് സംഘമായി യാത്ര ചെയ്യുന്നത് വര്‍ധിച്ചിതായും കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ, ഒമാനില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാരികളുടെ എണ്ണവും പതിവില്‍ കൂടുതല്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ആ വര്‍ധനവിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ ഉണ്ടെന്ന് ഇന്റര്‍കോണ്ടിനെന്റല്‍ റാസ്അല്‍ഖൈമ മിന അല്‍ അറബ് റിസോര്‍ട്ട് ആന്റ് സ്പായുടെ ജനറല്‍ മാനേജര്‍ കാമറൂണ്‍ മക്നെയ്ലി പറഞ്ഞു. പലരും മുന്‍കൂര്‍ ബുക്കിംഗ് വളരെ മുമ്പ് തന്നെ എടുക്കുകയാണ്. ‘മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, അതിഥികള്‍ വളരെ നേരത്തെ ബുക്ക് ചെയ്യുന്നു.
ഇക്കൂട്ടത്തില്‍ കുടൂതല്‍ ആഡംബരം ആഗ്രഹിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് യു.എ.ഇ പൗരന്മാര്‍ പ്രീമിയം, ആഡംബര താമസകേന്ദ്രങ്ങളില്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യം കാണിക്കുന്നുണ്ട്. ബീച്ച് ഫ്രണ്ട് വില്ലകള്‍, ക്ലബ് റൂമുകള്‍, സ്യൂട്ടുകള്‍, കുടുംബ സൗഹൃദ താമസസൗകര്യങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ അധികവും. ആഡംബര സൗകര്യങ്ങളില്‍ ശാന്തമായി താമസിച്ച് ഉല്ലസിക്കാനാഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. യാത്രയുടെ ബുദ്ധിമുട്ടില്ലാതെ അതേസമയം ശാന്തസുന്ദരമായ റാസ് അല്‍ഖൈമ പോലുള്ള സ്ഥലങ്ങളാണ് അതിഥികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നും മക്നെയ്ലി വിശദീകരിച്ചു.