ന്യൂയോർക്ക്- യു.എസ്. സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന് ലഭിച്ച ചുവപ്പ് കാർഡ് പുനഃപരിശോധിക്കാൻ താൻ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കി. ആ പുറത്താക്കൽ അന്യായമാണെന്ന് താൻ വിശ്വസിച്ചതായും എന്നാൽ വിലക്ക് നീക്കാൻ ഫുട്ബോളിന്റെ പരമാധികാര സമിതിക്ക് മേൽ താൻ യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അതൊരു ഫൗൾ ആയി എനിക്ക് തോന്നാത്തതുകൊണ്ട് അത് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ഞാൻ ചെയ്തത്. അദ്ദേഹത്തോട് എന്ത് ചെയ്യണമെന്ന് ഞാൻ നിർദ്ദേശിച്ചിട്ടില്ല. എനിക്ക് അദ്ദേഹത്തോട് അങ്ങനെ നിർദ്ദേശിക്കാനും കഴിയില്ല.”-ഓവൽ ഓഫീസിൽ വാർത്താലേഖകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു:
കഴിഞ്ഞ ബുധനാഴ്ച നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരെ യു.എസ്.എ. 2-0 ന് വിജയിച്ച മത്സരത്തിലാണ് ബലോഗൺ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത്. അതിനുശേഷം താൻ വ്യക്തിപരമായി ഇടപെട്ടിരുന്നു എന്ന കാര്യം ട്രംപ് ആദ്യമായാണ് പരസ്യമായി സമ്മതിക്കുന്നത്. ഫിഫയുടെ അച്ചടക്ക ചട്ടങ്ങൾ പ്രകാരം ഇത്തരം ശിക്ഷാ നടപടികൾക്കെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച സ്ട്രൈക്കറുടെ താല്ക്കാലികമായ ഒരു മത്സര വിലക്ക് ഫിഫ നീക്കിയിരുന്നു.
ലോകകപ്പ് ആതിഥേയ രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഈ ഇടപെടൽ ഫിഫയുടെ അച്ചടക്ക നടപടികളെ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ക്വാർട്ടർ ഫൈനൽ പ്രവേശനത്തിനായി തിങ്കളാഴ്ച രാത്രി യു.എസ്.എ.യെ നേരിടാനിരിക്കുന്ന ബെൽജിയം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ശിക്ഷാ നടപടി റദ്ദാക്കാനായി ബുധനാഴ്ച മുതൽ ട്രംപ് മൂന്ന് തവണ ഫിഫയെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ചില വൃത്തങ്ങൾ ‘ദി ഗാർഡിയൻ’ പത്രത്തോട് വെളിപ്പെടുത്തി. എന്നാൽ വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല; ഫിഫയും പ്രതികരണത്തിന് വിസമ്മതിച്ചു. ഫിഫയുമായി ബന്ധപ്പെട്ട കാര്യം വൈറ്റ് ഹൗസോ പ്രസിഡന്റോ പരസ്യമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.
ബലോഗണിന്റെ ആ നീക്കം ഒരിക്കലും ഒരു പുറത്താക്കലിൽ കലാശിക്കേണ്ടതായിരുന്നില്ലെന്ന് തിങ്കളാഴ്ച ട്രംപ് ആവർത്തിച്ചു പറഞ്ഞു. “ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല. കായിക വിനോദങ്ങളെ ഏറെ സ്നേഹിക്കുന്ന, നല്ലൊരു അത്ലറ്റായിരുന്ന ഒരാളാണ് ഞാൻ. എനിക്ക് കായികരംഗം വളരെ നന്നായി അറിയാം, വളരെ നന്നായി തന്നെ.”
“അതൊരു ഫൗൾ ആയിരുന്നില്ല. അതൊരു നിയമലംഘനം പോലുമല്ല. പൂർണ്ണ വേഗതയിൽ ഓടിയ രണ്ട് പേർ പരസ്പരം ഇടിച്ചുപോയത് മാത്രമാണ്. അത്രയും വേഗതയിൽ ഓടുമ്പോൾ ഒരാൾക്ക് സ്വന്തം കാൽ കൃത്യമായി മറ്റൊരാളുടെ കാലിന്മേൽ കൊണ്ടുവെക്കാൻ സാധിക്കില്ല. രണ്ട് മികച്ച അത്ലറ്റുകൾ പരസ്പരം ഉടക്കിപ്പോയത് മാത്രമാണത്. അവൻ അയാളുടെ മുഖത്ത് ഇടിക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തെറ്റ് ചെയ്യുകയോ ആയിരുന്നുവെങ്കിൽ എനിക്ക് മറ്റൊരു അഭിപ്രായമാകുമായിരുന്നു.”
ബ്രസീലിയൻ റഫറിയായ റാഫേൽ ക്ലോസിന്റെ നടപടിയെ “വളരെ സംശയാസ്പദം” എന്ന് വിശേഷിപ്പിച്ച ട്രംപ്, “ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു തീരുമാനമാണ്” അദ്ദേഹം എടുത്തതെന്നും പറഞ്ഞു. കൂടുതൽ വിശദീകരണങ്ങൾ നൽകാതെ, ക്ലോസിന്റെ മുൻകാല റെക്കോർഡുകൾ പരിശോധിക്കാൻ അദ്ദേഹം റിപ്പോർട്ടർമാരോട് ആവശ്യപ്പെടുകയും ചെയ്തു.
ഒരു മത്സരത്തിലെ നേരിട്ടുള്ള ചുവപ്പ് കാർഡ് അടുത്ത മത്സരത്തിൽ നിന്നുള്ള സ്വാഭാവിക വിലക്കിന് കാരണമാകുമെന്ന് മത്സരശേഷമാണ് താൻ അറിഞ്ഞതെന്നും ട്രംപ് പറഞ്ഞു. “ഒരു മത്സരത്തിലെ തെറ്റിന് ആ മത്സരത്തിൽ തന്നെ ഒരാളെ ശിക്ഷിക്കുന്നത് മനസ്സിലാക്കാം. എന്നാൽ ഇതുവരെ കളിച്ചിട്ടില്ലാത്ത അടുത്ത മത്സരത്തിൽ നിന്ന് അവരെ എങ്ങനെ വിലക്കാൻ കഴിയും? അത് വളരെ അന്യായമാണ്.” ബലോഗണിന്റെ അസാന്നിധ്യം ടൂർണമെന്റിന്റെ തിളക്കം കുറയ്ക്കും. സ്ട്രൈക്കറുടെ യോഗ്യത പുനഃസ്ഥാപിക്കാനുള്ള ഫിഫയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. “നമ്മുടെ ഏറ്റവും മികച്ച കളിക്കാർ കളത്തിലുണ്ടാകണം, അവർക്കും അവരുടെ മികച്ച നിരയുണ്ടാകണം. അതിനുശേഷം നമ്മൾ ജയിച്ചാലും തോറ്റാലും അത് ന്യായമാണ്,” ട്രംപ് പറഞ്ഞു.
ഈ തീരുമാനത്തിൽ നിന്ന് ഇൻഫാന്റിനോയെ അകറ്റി നിർത്താനും ട്രംപ് ശ്രമിച്ചു. “അദ്ദേഹമല്ല ഈ തീരുമാനമെടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. അവർ ശരിയായ തീരുമാനമാണ് എടുത്തത്. കാരണം, ഒന്നാമതായി അതൊരു ഫൗൾ ആയിരുന്നില്ല.”
ജിയാനി ഇൻഫാന്റിനോയുടെ പ്രസ്താവന
ട്രംപിന്റെ പരാമർശങ്ങൾക്ക് പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും പ്രസ്താവന പുറത്തിറക്കി. യു.എസ്. പ്രസിഡന്റിൽ നിന്ന് തനിക്ക് കോൾ ലഭിച്ച കാര്യം സ്ഥിരീകരിച്ച അദ്ദേഹം, ഈ വിഷയം ഫിഫയുടെ സ്വതന്ത്ര അച്ചടക്ക സമിതികളുടെ പരിഗണനയിലാണെന്ന് ട്രംപിനെ അറിയിച്ചതായി വ്യക്തമാക്കി.
“ഫിഫയിലെ ജുഡീഷ്യൽ സമിതികൾ പൂർണ്ണ സ്വയംഭരണാധികാരത്തോടെയാണ് പ്രവർത്തിക്കുന്നത്. ഓരോ കേസിലെയും വസ്തുതകളും നിലവിലുള്ള ഫിഫ ചട്ടങ്ങളും പരിശോധിച്ചാണ് അവർ അച്ചടക്ക കോഡ് നടപ്പിലാക്കുന്നതും തീർപ്പുകൽപ്പിക്കുന്നതും. അച്ചടക്ക സമിതികളുടെ തീരുമാനങ്ങളോട് എനിക്ക് ചിലപ്പോൾ യോജിപ്പും ചിലപ്പോൾ വിയോജിപ്പും ഉണ്ടാകാറുണ്ടെങ്കിലും, അത്തരം തീരുമാനങ്ങളെടുക്കുന്ന സമിതികളുടെ സ്വതന്ത്രമായ അധികാരത്തെ ഞാൻ എപ്പോഴും ബഹുമാനിക്കുന്നു.”
അതേസമയം, മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്റർ ഈ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചു. “രാഷ്ട്രീയക്കാരുടെ ഫോൺ കോളുകൾ കൊണ്ടല്ല ചുവപ്പ് കാർഡുകൾ റദ്ദാക്കുന്നത്. നിയമങ്ങളും തെളിവുകളും സ്വതന്ത്ര സമിതികളും വഴിയാണ് അത് ചെയ്യേണ്ടത്. ഫുട്ബോൾ ഒരിക്കലും രാഷ്ട്രീയ അധികാരങ്ങളുടെ കളിസ്ഥലമായി മാറരുത്,” അദ്ദേഹം കുറിച്ചു.



